കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിന്റെ സൂചനയാണിത്; അച്ചടക്ക നടപടികെക്കെതിരെ എല്‍ദോസ് കുന്നപ്പിള്ളിയുടെ പ്രതികരണം


കൊച്ചി: അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുന്നോട്ടുപോകുമെന്ന് പെരുമ്ബാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി.
പീഡനക്കേസില്‍ പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിയെ കോണ്‍ഗ്രസ് സസ്‌പെന്‍ഡ് ചെയ്തതില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എംഎല്‍എ.
വിദ്യാര്‍ഥി യൂണിയനിലൂടെ കടന്നുവന്ന താന്‍ എസ്‌എഫ്‌ഐയുടെ മര്‍ദ്ദനമേറ്റിട്ടുണ്ട്. കേരള വിദ്യാര്‍ഥി യൂണിയനില്‍ പ്രവര്‍ത്തിച്ച് ജയില്‍വാസവും അനുഭവിച്ചിട്ടുണ്ട്. അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ മുന്നോട്ടുപോകും. ഇനി ജാഗ്രതയോടെ പ്രവര്‍ത്തിക്കും. ശക്തമായി പാര്‍ട്ടില്‍ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.
വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ സ്വയം തിരുത്താന്‍ ഈയവസരം ഉപയോഗിക്കും. പൊതുസമൂഹത്തില്‍ പ്രശ്‌നം ഉണ്ടായാല്‍ പൊതുസമൂഹത്തിന്റെ കൂടി ആവശ്യം പരിഗണിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്ത് പെട്ടെന്നൊരു നടപടിയെടുക്കുന്നതാണ് കോണ്‍ഗ്രസിന്റെ രീതി. ആലോചിച്ച് നേതൃത്വം എടുത്ത തീരുമാനത്തെ അംഗീകരിക്കുന്നുവെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. കോണ്‍ഗ്രസില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാവുന്നു എന്നതിന്റെ സൂചനയാണിതെന്ന് പെട്ടെന്നുള്ള പാര്‍ട്ടി തീരുമാനത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എംഎല്‍എ പറഞ്ഞു.
മുന്‍പും പാര്‍ട്ടിയിലെ മറ്റു നേതാക്കള്‍ക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ പാര്‍ട്ടി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരാള്‍ക്കെതിരെ ആരോപണങ്ങള്‍ ഉണ്ടാവുമ്ബോള്‍ മാധ്യമങ്ങള്‍ അത് കണ്ണടച്ച് വിശ്വസിക്കരുത്.ആരോപണങ്ങള്‍ സത്യസന്ധമല്ല എന്ന ഉത്തമവിശ്വാസം തനിക്ക് ഉണ്ടായിരുന്നു എന്നും എല്‍ദോസ് കുന്നപ്പിള്ളി പറയുന്നു.താന്‍ മണ്ഡലത്തില്‍ സജീവമല്ല എന്ന ആക്ഷേപം പൊതുസമൂഹത്തില്‍ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.