ബംഗളൂരുവില്‍ നിന്ന് ഓണത്തിന് നാടണയാന്‍ മലയാളികള്‍ ഇത്തവണയും നെട്ടോട്ടമോടണം

single-img
9 August 2023

ബംഗളൂരു: ബംഗളൂരുവില്‍ നിന്ന് ഓണത്തിന് നാടണയാന്‍ മലയാളികള്‍ ഇത്തവണയും നെട്ടോട്ടമോടണം. ബസ് ബുക്കിംഗ് വെബ്‌സൈറ്റുകളില്‍ ഇപ്പോഴേ കോഴിക്കോട്ടേക്കും തിരുവനന്തപുരത്തേക്കും ബസിന് ടിക്കറ്റൊന്നിന് വില മൂവായിരത്തിയഞ്ഞൂറ് കടന്നു. അഞ്ചു പേരുള്ള കുടുംബത്തിന് ബസില്‍ നാട്ടിലേക്ക് പോകാന്‍ ഓണക്കാലത്ത് പതിനേഴായിരത്തിലധികം രൂപ വേണ്ടി വരുമെന്ന് കേള്‍ക്കുമ്പോഴാണ് പ്രതിസന്ധിയുടെ ആഴം മനസിലാവുക.

ജോലിക്കാകട്ടെ, പഠനത്തിനാകട്ടെ. മലയാളികള്‍ ഏറ്റവുമധികം കുടിയേറുന്ന ഇന്ത്യന്‍ നഗരം ഇന്നും ബംഗളൂരു തന്നെയാണ്. ജോലി ബംഗളൂരു തരട്ടെ എന്ന് ചോദിച്ചാല്‍ ഏത് മലയാളിയാണ് വേണ്ടെന്ന് പറയുക എന്ന് ബാംഗ്ലൂര്‍ ഡേയ്‌സില്‍ നിവിന്‍ പോളി പറയുമെങ്കിലും, ഉത്സവസീസണില്‍ നാട്ടിലേക്ക് വരേണ്ട ഗുലുമാലോര്‍ത്താല്‍, ആരും രണ്ടാമതൊന്നാലോചിക്കും. ബംഗളൂരുവില്‍ മലയാളി ഉത്രാടപ്പാച്ചില്‍ പായുന്നത് നാട്ടിലേക്കൊരു വണ്ടിയില്‍ കയറിപ്പറ്റാനാണ്. ബസ് ബുക്കിംഗ് ആപ്പുകളില്‍ ഇപ്പോഴേ ടിക്കറ്റൊന്നിന് തിരുവനന്തപുരത്തേക്ക് നിരക്ക് 3500 കടന്നു. ഒരു കുടുംബത്തിന് നാട്ടില്‍ വരണമെങ്കില്‍ കീശ കീറിയത് തന്നെ.

മലബാര്‍ മേഖലയിലേക്ക് ആകെ ഒരു തീവണ്ടിയാണുള്ളത്. അതില്‍ ടിക്കറ്റ് വെയ്റ്റിംഗ് ലിസ്റ്റായി. സ്വകാര്യ ബസ് കൊള്ള തടയാന്‍ കെഎസ്ആര്‍ടിസി ഇത്തവണയെങ്കിലും ഇടപെടുമോയെന്നാണ് യാത്രക്കാരുടെ ചോദ്യം. ട്രെയിനുകള്‍ പലതും കെങ്കേരി പോലെ ദൂര സ്റ്റേഷനുകളില്‍ നിന്നാണ് പുറപ്പെടുന്നത് എന്നതിനാല്‍ മുതിര്‍ന്ന പൗരന്‍മാരും ആകെ ബുദ്ധിമുട്ടിലാണ്. എല്ലാം കൂടി ആലോചിച്ചാല്‍ ഓണത്തിന് നാട്ടില്‍ പോകാത്തതാണ് ഭേദമെന്നാണ് പലരുടെയും പക്ഷം. കര്‍ണാടക ആര്‍ടിസി ഇത്തവണ കൂടുതല്‍ ബസ് സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. മിതമായ നിരക്കില്‍ നേരത്തേ ബസുകള്‍ പ്രഖ്യാപിച്ചാല്‍ കെഎസ്ആര്‍ടിസിക്കും നല്ല ലാഭമുണ്ടാകും.