കേന്ദ്രം ശരിയായ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു: ഇറോം ശർമിള
മണിപ്പൂരില്‍ നടന്ന നിർഭാഗ്യകരമായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ പ്രതികരിച്ച് മനുഷ്യാവകാശ പ്രവര്‍ത്തക ഇറോം ശര്‍മിള. ഈ സംഭവത്തില്‍ തനിക്ക് അതീവ ഖേദവും ദുഖവും ഉണ്ട്. കേന്ദ്രസർക്കാർ ശരിയായ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്നും ഇറോം ശര്‍മിള പറഞ്ഞു.
‘സംഭവം അറിഞ്ഞപ്പോള്‍ മരവിപ്പും അസ്വസ്ഥതയും ഉണ്ടായി, ഇത് ഒരു വിഭാഗവുമായി മാത്രം ബന്ധപ്പട്ട കാര്യമല്ല, മനുഷ്യത്വരഹിതമായ സംഭവമാണ്’ ഇറോം ശര്‍മിള പറഞ്ഞു. അതേസമയം, കേസില്‍ ഇതുവരെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. മെയ് മാസത്തിൽ സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പൊലീസ് നടപടിയെടുക്കുന്നതെന്ന വിമര്‍ശനം ഉയരുന്നുണ്ട്.
അതേസമയം, തെളിവുകളുടെ അഭാവത്തെ തുടര്‍ന്നാണ് നടപടിയെടുക്കുവാന്‍ വൈകിയതെന്നാണ് തൗബല്‍ എസ്പി സച്ചിദാനന്ദ പറയുന്നത്. എന്നാൽ, സംഭവ സമയത്ത് ചില പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നുവെന്നും അവർ തങ്ങളെ സഹായിച്ചില്ലെന്നും അതിജീവിതമാരിൽ ഒരാൾ പറഞ്ഞതായി ഓൺലൈൻ മാധ്യമമായ ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു.