തോമസ് ഐസക് ഇ.ഡിക്ക് മുന്നിൽ ഹാജരാകില്ല


മുന്‍ ധനമന്ത്രിയും സി പി എം നേതാവുമായ ടി.എം.തോമസ് ഐസക് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. ചോദ്യം ചെയ്യലിനായി 11ന് ഹാജരാകാനാണ് തോമസ് ഐസകിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇ.ഡിക്കെതിരെ നിയമനടപടിയിലേക്ക് നീങ്ങാനാണ് നിലവിൽ സി പി എം തീരുമാനം. ഇതിന്റെ ഭാഗമായി ആദ്യഘട്ടമായി ഇ.ഡിക്ക് വിശദമായ മറുപടി രേഖാമൂലം നല്‍കും.
കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ സി പി എം സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകരുമായി കൂടിയാലോചനകള്‍ നടത്തിയിരുന്നു. കിഫ്ബിക്കെതിരായ കേസ് റദ്ദാക്കണമെന്ന ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കുന്നതും ആലോചനയിലുണ്ട്. ഇക്കാര്യത്തില്‍ നിയമപരമായ കൂടിയാലോചനകള്‍ തുടരുകയാണ്.
കിഫ്ബിക്കെതിരായ ഇ.ഡി കേസ് രാഷ്ട്രീയപ്രേരിതമെന്ന നിലപാടാണ് സിപിഎമ്മിന്‍റേത്. ഇതിനെ രാഷ്ട്രീയമായും നിയമപരമായും നേരിടാനും പാര്‍ട്ടി തീരുമാനിച്ചിരുന്നു. മാത്രമല്ല, കിഫ്ബി കേസില്‍ തോമസ് ഐസക് ഇ.ഡിക്ക് മുന്നില്‍ പോയിരുന്നാല്‍, പിന്നാലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് എടുത്തിരിക്കുന്ന കേസിലും അപ്രതീക്ഷിത നീക്കങ്ങള്‍ ഉണ്ടായേക്കും. അതിനാല്‍ തോമസ് ഐസകിന് കിട്ടിയ നോട്ടീസില്‍ ജാഗ്രതയോടെ നീങ്ങാനാണ് പാര്‍ട്ടി തീരുമാനം.
കേന്ദ്ര സർക്കാരിന്റെ അനുമതിയില്ലാതെ വിദേശ നിക്ഷേപം സ്വീകരിച്ചുവെന്ന പരാതിയിലാണ് കിഫ്ബിയുടെ സാമ്പത്തിക ഇടപാടുകളിൽ ഇഡി അന്വേഷണം ആരംഭിച്ചത്. കിഫ്ബി മസാല ബോണ്ടിറക്കിയതില്‍ ഫെമ നിയമത്തിന്‍റെ ലംഘനമുണ്ടെന്നാണ് ഇ.ഡിയുടെ വാദം. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനായിരുന്നു ആദ്യം ആരോപണം ഉന്നയിച്ചത്. പിന്നീട് സംസ്ഥാനത്തെ പ്രതിപക്ഷവും ഇത് ഏറ്റെടുത്തിരുന്നു. കേസിൽ കിഎഫ്ബി സിഇഒ കെ എം എബ്രഹാമിനെ നേരത്തെ ഇഡി ചോദ്യം ചെയ്തിരുന്നു