പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കി

single-img
1 February 2023

ഡല്‍ഹി: പ്രതിവര്‍ഷം ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാരെ ആദായനികുതി പരിധിയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി നിര്‍മല സീതാരാമന്‍.

പുതിയ നികുതി രീതി സ്വീകരിച്ചവര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. റിബേറ്റ് ഇനത്തിലാണ് ഈ ഇളവ് ലഭിക്കുക. പഴയ രീതി പിന്തുടര്‍ന്നവര്‍ക്ക് ഇളവ് ലഭിക്കില്ലെന്നും ബജറ്റ് അവതരണ വേളയില്‍ മന്ത്രി അറിയിച്ചു

പുതിയ രീതിയില്‍ പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി ഇല്ല. മൂന്ന് ലക്ഷം മുതല്‍ ആറുലക്ഷം വരെ അഞ്ചുശതമാനം. ആറുലക്ഷം മുതല്‍ ഒന്‍പത് ലക്ഷം വരെ പത്തുശതമാനം നികുതി. ഒന്‍പത് ലക്ഷം മുതല്‍ 12 ലക്ഷം വരെ 15 ശതമാനം. 12 ലക്ഷം മുതല്‍ 15 ശതമാനം വരെ 20 ശതമാനം. 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം. പുതിയ രീതിയിലെ സ്ലാബുകളുടെ എണ്ണം അഞ്ചാക്കി കുറച്ചതായി നിര്‍മല സീതാരാമന്‍ വ്യക്തമാക്കി. ഏഴുലക്ഷം രൂപ വരെ റിബേറ്റ് ലഭിക്കുമെന്നതിനാല്‍ ഏഴു ലക്ഷം രൂപ വരെയുള്ള വരുമാനക്കാര്‍ക്ക് നികുതി നല്‍കേണ്ടതില്ല. പുതിയ രീതി സ്വീകരിച്ചവര്‍ക്കാണ് ഇത് പ്രയോജനം ചെയ്യുക എന്നും മന്ത്രി പറഞ്ഞു.

മുതിര്‍ന്നവരുടെ നിക്ഷേപ പരിധി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദേശം. 30 ലക്ഷമാക്കി ഉയര്‍ത്തുമെന്നും മാസവരുമാനക്കാരുടെ നിക്ഷേപ പരിധിയിലും മാറ്റം വരുത്തുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണ വേളയില്‍ പറഞ്ഞു.

മാസവരുമാനക്കാരുടെ നിക്ഷേപ പരിധി ഒന്‍പത് ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്. ജോയിന്റ് അക്കൗണ്ടുള്ളവരുടെ നിക്ഷേപപരിധി 15 ലക്ഷമാക്കിയും ഉയര്‍ത്തി. വനിതകള്‍ക്കായി ഒറ്റത്തവണ ചെറുനിക്ഷേപ പദ്ധതി പ്രഖ്യാപിച്ചു. മഹിളാ സമ്മാന്‍ സേവിങ്‌സ് പദ്ധതിക്ക് 7.5 ശതമാനം പലിശ ലഭിക്കുമെന്ന് ധനമന്ത്രി പറഞ്ഞു.