മുഖലക്ഷണം നോക്കാനെന്നു പറഞ്ഞെത്തിയവര്‍ മഷിനോട്ടക്കാരനെ ബോധംകെടുത്തിയശേഷം കെട്ടിയിട്ട് 7.25 പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു


കൊച്ചി: മുഖലക്ഷണം നോക്കാനെന്നു പറഞ്ഞെത്തിയവര്‍ മഷിനോട്ടക്കാരനെ ബോധംകെടുത്തിയശേഷം കെട്ടിയിട്ട് 7.25 പവന്‍ സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്തു.
ചൊവ്വാഴ്ച ഉച്ചയ്ക്കു 12 മണിയോടെയാണു സംഭവം. മഷിനോട്ടക്കാരനായ തൈക്കൂട്ടത്തില്‍ വിജയന്‍ (62) എന്നയാളെയാണ് മോഷ്ടാക്കള്‍ ആക്രമിച്ച് കവര്‍ച്ച നടത്തിയത്. മാല, ബ്രേസ്‌ലറ്റ്, 2 മോതിരം എന്നീ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും മോഷ്ടാക്കള്‍ തട്ടിയെടുത്തു.
കൊടുങ്ങല്ലൂര്‍ സ്വദേശിയായ വിജയന്‍ മൂന്നു വര്‍ഷമായി പെരുവാരത്തു വീടു വാടകയ്ക്കെടുത്ത് മഷിനോട്ടം നടത്തി വരികയായിരുന്നു. ധാരാളം പേര്‍ മഷിനോട്ടം നടത്തുന്നതിനായി ഇവിടേക്ക് എത്തിയിരുന്നു. ഇന്നലെ വീട്ടിലേക്കു കയറി വന്ന രണ്ടു പേര്‍ മഷി നോക്കണമെന്ന് ആവശ്യപ്പെട്ടു. മുഖലക്ഷണം നോക്കി പറയാമോ എന്നു ചോദിച്ചുകൊണ്ടാണ് ഇതില്‍ ഒരാള്‍ വിജയനോട് സംസാരിച്ചത്.
പ്രശ്നങ്ങളുണ്ടെന്നു വിജയന്‍ പറഞ്ഞപ്പോള്‍ ഭാര്യയും കൂട്ടി വരാമെന്നും വിസിറ്റിങ് കാര്‍ഡ് വേണമെന്നും വന്നയാള്‍ ആവശ്യപ്പെട്ടു. വിസിറ്റിങ് കാര്‍ഡ് എടുക്കാന്‍ തിരിഞ്ഞപ്പോള്‍ വന്നവരില്‍ ഒരാള്‍ തോര്‍ത്ത് ഉപയോഗിച്ചു വിജയന്റെ വായ് മൂടിക്കെട്ടിയ ശേഷം എന്തോ ദ്രാവകം മണപ്പിച്ചു ബോധം കെടുത്തുകയായിരുന്നു.
ഒരു മണിക്കൂറിനു ശേഷം ബോധം തിരിച്ചുകിട്ടിയ വിജയന്‍ പുറത്തിറങ്ങി നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. കേസരി ബസ് സ്റ്റോപ്പ് വരെ പൊലീസ് നായ ഓടി.