കൊച്ചിയിൽ പുറത്തിറങ്ങുന്നവർ മാസ്‌ക് നിർബന്ധമായും ധരിക്കണം; 799 പേർ ചികിത്സ തേടി: മന്ത്രി വീണാ ജോർജ്

single-img
11 March 2023

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടർന്നുള്ള പുക നിറഞ്ഞിരിക്കുന്നതിനാൽ കൊച്ചിയിൽ പുറത്തിറങ്ങുന്നവർ മാസ്‌ക് നിർബന്ധമായും ധരിക്കണമെന്ന് സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികളും ഗർഭിണികളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി നിർദേശിച്ചു.

മാലിന്യപ്ലാന്റിൽ നിന്നുള്ള വിഷപ്പുക നഗരത്തിലെ അന്തരീക്ഷമാകെ നിറയുകയും തുടർന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തിലുമാണ് മന്ത്രിയുടെ നിർദേശം. ഇവിടെ നിന്നുള്ള വിഷപ്പുക ശ്വസിച്ചുണ്ടായ ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് 799 പേർ ചികിത്സ തേടിയതായും 17 പേരെ കിടത്തി ചികിത്സിച്ചതായും മന്ത്രി അറിയിച്ചു.

ഈ പശ്ചാത്തലത്തിൽ കൂടുതൽ ആരോഗ്യ ക്യാമ്പുകൾ സംഘടിപ്പിക്കാനാണ് നീക്കം. ഐ.എം.എ, സ്വകാര്യ ആശുപത്രിയുൾപ്പെടെയുള്ളവയുടെ സഹകരണം ആരോഗ്യവകുപ്പ് ഉറപ്പാക്കും. ഇതിലേക്കുള്ള ആരോഗ്യ സർവ്വേ ചൊവ്വാഴ്ച ആരംഭിക്കുമെന്നും മൊബൈൽ യൂണിറ്റുകൾ ഉണ്ടായിരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഇതോടൊപ്പം തന്നെ എറണാകുളം ജില്ലയിൽ പകർച്ചവ്യാധികൾക്ക് എതിരെയുള്ള നടപടികൾ ശക്തമാക്കാനും ധാരണയായി. ആശങ്ക ജനിപ്പിക്കുന്ന വാർത്തകൾ കണ്ട് ഭയപ്പെടരുത്. അഗ്‌നിശമന സേനയിൽ ഉൾപ്പെട്ടവർക്ക് ആരോഗ്യ പരിശോധനകൾ നൽകുമെന്നും അവർക്ക് പിന്തുണയുണ്ടാകുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. കാലവസ്ഥയിൽ വരുന്ന മാറ്റം വളരെ വലുതാണെന്നും ചൂട് കൂടുതലായതിനാൽ എല്ലാവരും ധാരാളം വെള്ളം കുടിക്കണമെന്നും മന്ത്രി നിർദേശിച്ചു.