ദി കേരള സ്റ്റോറി കാണേണ്ടവര്‍ കാണട്ടെ; പ്രദർശനം കേരളത്തിൽ നടക്കും: കെ സുരേന്ദ്രൻ


അടിസ്ഥാനമില്ലാത്ത ഉള്ളടക്കം ഉൾപ്പെടുത്തിയ ദി കേരള സ്‌റ്റോറിക്ക് പിന്തുണയുമായി ബിജെപി. കേരളാ സ്റ്റോറിയുടെ പ്രദര്‍ശനം കേരളത്തില്‍ നടക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. ഐഎസ് സ്വാധീനം കേരളത്തില്‍ ശക്തമാണെന്നും സിനിമയെ സിനിമയായി കാണണമമെന്നും കാണേണ്ടവര്‍ കാണട്ടെ എന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
കേരള സ്റ്റോറി ഒരു സിനിമയാണെന്നും ചരിത്രപുസ്തകമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. ‘സിനിമയെ ആ നിലയില്‍ കാണണം. എന്തിനാണ് ഇത്ര വേവലാതി. ക്രിസ്ത്യാനികളെ ആക്രമിക്കുന്ന നാടകത്തില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അനുമതി കൊടുക്കുന്നവരാണ് കേരള സ്റ്റോറിയെ എതിര്‍ക്കുന്നത്. ബിബിസി ഡോക്യുമെന്ററിയും സിപിഎം ഹാളൊക്കെ വാടകയ്‌ക്കെടുത്ത് പ്രദര്‍ശിപ്പിച്ചു. ആ ഇരട്ടത്താപ്പ് ശരിയല്ല.
ഈ സിനിമയുടെ പേരില്‍ ഐഎസ്‌ഐസിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ എണ്ണത്തിന്റെ കാര്യത്തിലാണല്ലോ തര്‍ക്കം. ആ രീതിയിൽ തര്‍ക്കമുണ്ടെങ്കില്‍, റിക്രൂട്ട് ചെയ്യപ്പെട്ടവരുടെ എണ്ണം, അതെത്രയാണെന്ന് മുഖ്യമന്ത്രി പറയട്ടെ. സംഘപരിവാര്‍ അജണ്ട സിനിമയിലില്ല. ഐഎസ്‌ഐഎസിന്റെ സ്വാധീനം കേരളത്തില്‍ ശക്തമാണ്. ഭീകരവാദത്തെ കുറിച്ചുള്ള സിനിമയാണോയെന്ന് കണ്ടിട്ട് തീരുമാനിച്ചാല്‍ പോരേയെന്നും സുരേന്ദ്രൻ ചോദിക്കുന്നു.