കേരള സ്റ്റോറിക്കെതിരെ വേവലാതിപ്പെട്ടവർ ഐ എസ് തീവ്രവാദികൾ: എംടി രമേശ്
വ്യാജ ഉള്ളടക്കത്തിന്റെ പേരിൽ വിവാദമായ കേരള സ്റ്റോറിക്കെതിരെ വേവലാതിപ്പെട്ടവർ ഐ എസ് തീവ്രവാദികളെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്. ഈ സിനിമയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും വസ്‌തുതാ വിരുദ്ധമായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും ബോധപൂർവം കേരളത്തിലെ മത സൗഹാർദ്ദം തകർക്കാൻ ശ്രമിച്ചതിന് ഇരുവരും മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വളരെയധികം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന രണ്ടു വ്യക്തികൾ കേരളത്തിന്റെ മതസൗഹാർദ്ദം തകർക്കാനുള്ള ശ്രമമാണ് നടത്തിയത്. പ്രചരിപ്പിച്ചത് വലിയ നുണയാണെന്ന കാര്യം അംഗീകരിക്കാൻ ഇവർ തയ്യാറാകണം. ഐഎസ്‌ഐഎസിലേക്ക് റിക്രൂട്ട് ചെയ്ത പെൺകുട്ടികളുടെ കഥയാണ് സിനിമയായത്. അതെങ്ങനെ ഒരു മതവിഭാഗത്തെ അപമാനിക്കുന്നതാകും?
ഐഎസ്ഐഎസിനെ വിമർശിക്കുന്നത് കൊണ്ട് സിപിഐഎമ്മിനും കോൺഗ്രസിനും എന്താണ് പ്രശ്നമെന്നും എം ടി രമേശ് ചോദിച്ചു.ഐഎസ് എന്നാൽ ഇസ്ലാം എന്നാണ് സിപിഎമ്മും കോൺഗ്രസും ചിന്തിക്കുന്നതെങ്കിൽ അത് വ്യക്തമാക്കണമെന്നും എം ടി രമേശ് ചോദിച്ചു.