പുതുപ്പള്ളിയിലേക്കുള്ള അവസാന യാത്രയിൽ ഉമ്മൻ ചാണ്ടിയെ അനുഗമിച്ച് ആയിരങ്ങൾ

single-img
19 July 2023

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ വിലാപ യാത്ര തിരുവനന്തപുരം ന​ഗരാതിർത്തി പിന്നിട്ട് മൂന്നോട്ട് നീങ്ങുകയാണ്. പ്രിയ നേതാവിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ ജനസാഗം റോഡിന് ഇരുവശത്തും തിങ്ങി നിറഞഅഞതോടെ വിലാപയാത്ര മന്ദഗതിയിലാണ് മുന്നോട്ട് നീങ്ങുന്നത്. വിലാപയാത്ര തിരുവനന്തപുരം ന​ഗരാതിര്‍ത്തി പിന്നിട്ടത് മൂന്നര മണിക്കൂർ സമയമെടുത്തതാണ്. റോഡരികിൽ ഇരുവശവും നിരവധി പേരാണ് അന്തിമോപചാരം അർപ്പിക്കാനായി കാത്തുനിൽക്കുന്നത്. സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ജോലിക്കാരും റോഡരികിൽ കാണാനായി കൂട്ടം കൂടി നിൽക്കുന്ന കാഴ്ച്ചയാണ് കാണുന്നത്. 

എതിർത്തപ്പോഴും യോജിച്ച് നിന്ന് പ്രവർത്തിച്ചപ്പോഴുമൊക്കെ പരസ്പര സ്നേ​ഹത്തോടെയും ബഹുമാനത്തോടെയുമാണ് ഞങ്ങൾ വ്യക്തി ബന്ധങ്ങൾ കാത്തുസൂക്ഷിച്ചതെന്ന് മന്ത്രി വിഎൻ വാസവൻ. നേതൃനിരയിലേക്ക് വന്നപ്പോൾ തികഞ്ഞ ആത്മസംയമനത്തോടെയും സമചിത്തതയോടെയും പ്രശ്നങ്ങളെ സമീപിച്ചിരുന്ന ശൈലിയാണ് ഉമ്മൻചാണ്ടിക്ക് ഉണ്ടായിരുന്നത്. രാഷ്ട്രീയ എതിരാളികളോട് പോലും എല്ലായ്പ്പോഴും സ്നേഹ ബഹുമാനങ്ങളോടെ ഇടപെടുകയും സൗഹൃദങ്ങൾ നിലനിർത്തുകയും ചെയ്തായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെന്നും വിഎൻ വാസവൻ പറഞ്ഞു. ഉമ്മൻചാണ്ടിയുടെ വിലാപ യാത്രക്കൊപ്പമുള്ള വാഹന വ്യൂഹത്തോടൊപ്പം സർക്കാർ പ്രതിനിധിയായി മന്ത്രി വിഎൻ വാസവനാണ് അനു​ഗമിക്കുന്നത്. 

രാവിലെ ഏഴുമണിയോടെയാണ് മൃതദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയത്. മക്കളുൾപ്പെടെയുള്ള കുടുംബാംഗങ്ങളും പുതുപ്പള്ളിയിലേക്ക് തിരിച്ചു. മുതിർന്ന നേതാക്കളുൾപ്പെടെ മുദ്രാവാക്യം വിളികളോടെയാണ് ഉമ്മൻചാണ്ടിക്കൊപ്പം പുതുപ്പള്ളിയിലേക്ക് തിരിച്ചത്. പ്രത്യേകം സജ്ജീകരിച്ച ബസ്സിൽ രമേശ് ചെന്നിത്തല,വിഡി സതീശൻ, ഷാഫി പറമ്പിൽ എംഎൽഎ, അൻവർ സാദത്ത് തുടങ്ങിയ നേതാക്കളും അനു​ഗമിക്കുന്നുണ്ട്. പ്രവർത്തകരുടെ മുദ്രാവാക്യം വിളികളും വൈകാരിക നിമിഷങ്ങളും ജ​ഗതിയിലെ വീട്ടിൽ തളംകെട്ടി നിന്നു. നിരവധി പേരാണ് വീട്ടിലും കാണാനെത്തിയത്. വൈകിട്ട് കോട്ടയം തിരുനക്കരയിലാണ് പൊതുദർശനം. സംസ്കാരം നാളെ പുതുപ്പള്ളി സെന്‍റ് ജോർജ് വലിയ പള്ളിയിൽ നടക്കും.