10 കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ഭീഷണി കോള്‍; വസതിക്കും ഓഫീസിനും സുരക്ഷ വര്‍ദ്ധിപ്പിച്ചു
10 കോടി രൂപ ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് ഭീഷണി ഫോൺ കോള്‍. മൂന്നു തവണഇത്തരത്തിൽ കോൾ വന്നതോടെ മന്ത്രിയുടെ നാഗ്പൂരിലെ വസതിക്കും ഓഫീസിനും സുരക്ഷ വര്‍ധിപ്പിച്ചു. കോള്‍ ചെയ്ത വ്യക്തി ജയേഷ് പുജാരിയെന്നാണ് സ്വയം പരിചയപ്പെടുത്തിയത്.
ഈ വർഷം ജനുവരിയിലും സമാന പേരില്‍ ഭീഷണി സന്ദേശം ഗഡ്കരിയുടെ ഓഫീസിലേക്ക് വന്നിരുന്നു. ഇന്ന് രാവിലെ രണ്ടു തവണയും ഉച്ചയ്ക്ക് ഒരു തവണയുമാണ് ഭീഷണി കോള്‍ വന്നതെന്ന് ഡപ്യൂട്ടി കമ്മീഷണര്‍ രാഹുല്‍ മദനെ പറഞ്ഞു. നാഗ്പൂരിലെ ഓറഞ്ച് സിറ്റി ആശുപത്രിയുടെ എതിര്‍വശത്തുള്ള ഗഡ്കരിയുടെ പബ്ലിക് റിലേഷന്‍സ് ഓഫീസിലാണ് കോള്‍ വന്നത്.
തനിക്ക് 10 കോടി രൂപ നല്‍കിയില്ലെങ്കില്‍ മന്ത്രിയെ അപായപ്പെടുത്തുമെന്നായിരുന്നു ഭീഷണി.ഗഡ്കരിയുടെ ഓഫീസിലെ ജീവനക്കാർ അറിയിച്ചതിനെ തുടർന്ന് പൊലീസ് അന്വേഷണം തുടങ്ങി. മന്ത്രിയുടെ വീട്ടിലും ഓഫീസിലും സുരക്ഷ വർധിപ്പിച്ചതായി ഡി.സി.പി അറിയിച്ചു.
ഈ ജനുവരി 14നാണ് സമാനമായ ഭീഷണി കോള്‍ ഗഡ്കരിയുടെ ഓഫീസിലെത്തിയത്. അന്ന് 100 കോടി രൂപയാണ് ആവശ്യപ്പെട്ടത്. ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തിലെ അംഗമാണെന്നാണ് വിളിച്ചയാള്‍ അവകാശപ്പെട്ടത്. ജയേഷ് പുജാരിയെന്നാണ് അന്ന് വിളിച്ചയാളും പരിചയപ്പെടുത്തിയത്.