ജീവന് ഭീഷണി; പി വി അന്‍വര്‍ എംഎല്‍എ തോക്ക് ലൈസന്‍സിന് അനുമതി തേടി
സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാർ ഉൾപ്പെടെയുള്ള ഉയർന്ന പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയ പി വി അന്‍വര്‍ എംഎല്‍എ ആംസ് ലൈസന്‍സിന് അനുമതി തേടി. തന്റെ ജീവനും സ്വത്തിനും ഭീഷണിയുള്ളതിനാല്‍ ആംസ് ലൈസന്‍സ് അനുവദിക്കണമെന്നാണ് പി വി അന്‍വര്‍ ജില്ലാ കളക്ടർക്ക് നൽകിയ കത്തിലൂടെ ആവശ്യപ്പെട്ടത്.
പോലീസ് ഉദ്യോഗസ്ഥർക്കെതിരായ നിർണ്ണായക വെളിപ്പെടുത്തലുകളില്‍ സംസ്ഥാനത്തെ പല പ്രമുഖര്‍ക്കും തന്നോട് വിദ്വേഷവും പകയും വിരോധവും ഉണ്ടായിട്ടുണ്ട്. അധികാരവും സാങ്കേതിക സംവിധാനങ്ങളും ആളും അര്‍ത്ഥവും കൈവശമുള്ള ആ വിഭാഗം തന്നെ ഏതെങ്കിലും വിധത്തില്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ട്. ഏത് സമയത്തും ആക്രമണം പ്രതീക്ഷിക്കുന്നുണ്ടെന്നും അങ്ങിനെ വന്നാൽ ജീവന്റെയും സ്വത്തിന്റെയും സംരക്ഷണത്തിനായി ആംസ് ഗണ്‍ ലൈസന്‍സ് അനുവദിക്കണമെന്നാണ് എംഎൽഎയുടെ ആവശ്യം.
തന്റെ അപേക്ഷയിലെ നടപടി വേഗത്തിലാക്കാമെന്ന് കളക്ടര്‍ അറിയിച്ചെന്നും പൊലീസ് എന്താണ് ഈ കാര്യത്തിൽ നിലപാട് സ്വീകരിക്കുകയെന്ന് അറിയില്ലെന്നും പി വി അന്‍വര്‍ പറയുന്നു . തന്നെ കല്ലുകൊണ്ട് എറിഞ്ഞ് വീഴ്ത്തും എന്നത് ഉൾപ്പെടെയുള്ള ഭീഷണിയാണ് ഉണ്ടായത്. ഒരു തോക്ക് കിട്ടിയാല്‍ മതി. താന്‍ മാനേജ് ചെയ്‌തോളാം എന്നും പിവി അന്‍വര്‍ പറഞ്ഞു.