സാമൂഹിക ഐക്യത്തിന് ഭീഷണിയാകുന്നു; ടിക് ടോക്കിന് നിരോധനവുമായി നേപ്പാള്‍
ചൈനയിൽ നിന്നുള്ള ഹ്രസ്വ വീഡിയോ ആപ്ലിക്കേഷനായ ടിക് ടോക്കിന് നിരോധനവുമായി നേപ്പാള്‍ സര്‍ക്കാര്‍. സാമൂഹിക ഐക്യത്തെ പ്രതികൂലമായി ബാധിക്കുന്നതായി പറഞ്ഞാണ് നടപടി. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ചൈനീസ് ആപ്പ് നിരോധിക്കാന്‍ തീരുമാനിച്ചത്.
അതേസമയം, എപ്പോള്‍ നിരോധനം ഏര്‍പ്പെടുത്തുമെന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നേപ്പാൾ മാധ്യമമായ കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് അനുസരിച്ച് വിദ്വേഷ പ്രസംഗത്തിന്റെ പ്രവണതയെ പ്രോത്സാഹിപ്പിക്കുന്ന ടിക് ടോക്കിനെ സമൂഹത്തിലെ വലിയൊരു വിഭാഗം വിമര്‍ശിക്കുന്നതായി നേപ്പാള്‍ സര്‍ക്കാര്‍ പറഞ്ഞു.
രാജ്യത്തെ കമ്പനി പ്രതിനിധികളുടെ അഭാവത്തെക്കുറിച്ചുള്ള പരാതികള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് തീരുമാനം. ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ്, ടിക് ടോക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്ക് രാജ്യത്ത് അവരുടെ ഓഫീസുകള്‍ സ്ഥാപിക്കുന്നത് നേപ്പാള്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നിരോധന ഉത്തരവ്.
നേപ്പാളിൽ പ്രവര്‍ത്തിക്കുന്ന എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വന്ന് മൂന്ന് മാസത്തിനുള്ളില്‍ നേപ്പാളില്‍ ഒരു ഓഫീസ് സ്ഥാപിക്കുകയോ ഒരു പ്രതിനിധിയെ നിയോഗിക്കുകയോ ചെയ്യണം. അതോടൊപ്പം, ഈ കമ്പനികള്‍ അവരുടെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി മന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം. നിര്‍ദ്ദേശം അവഗണിച്ചാല്‍ ശരിയായ രജിസ്‌ട്രേഷന്‍ ഇല്ലാത്ത പ്ലാറ്റ്‌ഫോമുകള്‍ മന്ത്രാലയം അടച്ചുപൂട്ടുമെന്നാണ് മുന്നറിയിപ്പ്.