എണ്ണക്കപ്പലില്‍ റഡറിന്റെ മുകളില്‍ ഇരുന്ന് കടലിലൂടെ 5,000 കി.മീ താണ്ടി അതിസാഹസികമായി നൈജീരിയയില്‍നിന്ന് സ്‌പെയിനിലെത്തി മൂന്ന് കുടിയേറ്റക്കാര്‍

single-img
30 November 2022

ലാസ് പാമാസ്:  കടലിലൂടെ 5,000 കി.മീ താണ്ടി അതിസാഹസികമായി നൈജീരിയയില്‍നിന്ന് സ്‌പെയിനിലെത്തി മൂന്ന് കുടിയേറ്റക്കാര്‍.

എണ്ണക്കപ്പലില്‍ റഡറിന്റെ മുകളില്‍ ഇരുന്ന് നൈജീരിയയില്‍നിന്ന് 11 ദിവസം നീണ്ട കടല്‍യാത്രയ്ക്കുശേഷം സ്‌പെയിനിലെ കനേറി ഐലന്റ്‌സിലെത്തിയ കുടിയേറ്റക്കാരെ അധികൃതര്‍ പിടികൂടി ആശുപത്രിയിലാക്കി.

2700 നോടികല്‍ മൈല്‍ (ഏകദേശം 5,000 കിലോമീറ്റര്‍) ആണ് ഇവര്‍ സാഹസികമായി സഞ്ചരിച്ചത്. മൂന്നുപേരും ഇവിടെ കൂടിക്കൂടി അള്ളിപ്പിടിച്ചിരിക്കുന്നതിന്റെ ചിത്രം സ്പാനിഷ് കോസ്റ്റ് ഗാര്‍ഡാണ് പുറത്തുവിട്ടത്. നിര്‍ജലീകരണം കാരണം മൂന്നുപേരിലൊരാളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രി വിട്ടാലുടന്‍ ഇവരെ സ്വദേശത്തേക്ക് തിരിച്ചയയ്ക്കുമെന്ന് സ്പാനിഷ് അധികൃതര്‍ വ്യക്തമാക്കി.

മറൈന്‍ ട്രാഫിക് ട്രാകിംഗ് വെബ്സൈറ്റ് അനുസരിച്ച്‌, മാള്‍ടയുടെ പതാകയുള്ള കപ്പല്‍ നവംബര്‍ 17 ന് നൈജീരിയയിലെ ലാഗോസില്‍ നിന്ന് പുറപ്പെട്ട് തിങ്കളാഴ്ചയാണ് ലാസ് പാല്‍മാസില്‍ എത്തിയത്. പ്രൊപലറിന്റെ മുകളിലായിട്ട് വെള്ളത്തില്‍ തൊട്ടുള്ള ഭാഗമാണ് റഡര്‍.

വടക്കുപടിഞ്ഞാറന്‍ ആഫ്രികയില്‍ സ്ഥിതി ചെയ്യുന്ന സ്പാനിഷ് ദ്വീപുകളില്‍ എത്താന്‍ ജീവന്‍ പണയപ്പെടുത്തി ഇത്തരത്തില്‍ മറ്റ് ആളുകള്‍ റഡറുകളില്‍ പറ്റിനില്‍ക്കുന്നതായി മുമ്ബ് കണ്ടെത്തിയിരുന്നുവെന്നും കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഇത്തരത്തില്‍ ആറ് സമാന കേസുകള്‍ കൈകാര്യം ചെയ്തിട്ടുണ്ടെന്നും ലാസ് പാല്‍മാസിലെ സേവന ഏകോപന കേന്ദ്രത്തിന്റെ തലവനായ സോഫിയ ഹെര്‍ണാണ്ടസ് പറഞ്ഞു.

കുടിയേറ്റക്കാര്‍ ചുക്കിന് ചുറ്റുമുള്ള പെട്ടി പോലെയുള്ള ഘടനയ്ക്കുള്ളിലാണ് രക്ഷപ്പെടാനുള്ള വഴി കണ്ടെത്തുന്നതെന്ന് ഹെര്‍ണാണ്ടസ് വിശദീകരിച്ചു, പക്ഷേ ഇപ്പോഴും മോശം കാലാവസ്ഥയ്ക്കും കടല്‍ക്ഷോഭത്തിനും ഇത്തരത്തിലുള്ള കുടിയേറ്റക്കാര്‍ ഇരയാകുന്നു, ഇത് വളരെ അപകടകരമാണെന്നും സോഫിയ പറഞ്ഞു.