പൊലീസ് സംരക്ഷണം ലഭിക്കാൻ സ്വന്തം വീടിനു നേരെ ആക്രമണം നടത്തി ; ഹിന്ദുമഹാസഭ നേതാവും മകനുമുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
തനിക്ക് പൊലീസ് സംരക്ഷണം ലഭിക്കനായി സ്വന്തം വീടിനു നേരെ തന്നെ ആക്രമണം നടത്തിയ സംഭവത്തിൽ ഹിന്ദുമഹാസഭ നേതാവും മകനും ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ തമിഴ്നാട് ഘടകം ജനറൽ സെക്രട്ടറിയായ പെരി സെന്തിൽ, മകൻ ചന്ദ്രു, ബോംബെറിഞ്ഞ ചെന്നൈ സ്വദേശി മാധവൻ എന്നിവരെയാണ് കള്ളക്കുറിച്ചി പൊലീസ് അറസ്റ്റ് ചെയ്തത്. കള്ളക്കുറിച്ചിയിലെ സ്വന്തം വീടിന് നേരെ ഇവർ പെട്രോൾ ബോംബ് എറിയുകയായിരുന്നു.
ഈ മാസം 23നാണ് ഉളുന്തൂർപെട്ട് കേശവൻ നഗറിലെ സെന്തിലിന്റെ വീടിനു നേരെ ആക്രമണം നടന്നത്. സംഭവത്തിന് പിന്നാലെ തന്റെ ജീവനു ഭീഷണിയുണ്ടെന്ന് കാട്ടി ഇയാൾ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തിയ പൊലീസ് പിന്നീട് ഈ ആക്രമണത്തിന് പിന്നിൽ സെന്തിലാണെന്ന് തന്നെ കണ്ടെത്തുകയായിരുന്നു. സെന്തിലും ചന്ദ്രുവും സെന്തിലിന്റെ സഹോദരൻ രാജീവ് ഗാന്ധിയും ചേർന്നാണ് ബോംബെറിയാൻ പദ്ധതി തയാറാക്കിയതെന്ന് പൊലീസ് അറിയിച്ചു .