സോഷ്യൽ മീഡിയയിൽ ‘ദേശവിരുദ്ധ’ പോസ്റ്റുകൾ ഇടുന്നവർക്ക് മൂന്നു വർഷം മുതൽ ജീവപര്യന്തം വരെ തടവ്; നിയമ നിർമ്മാണവുമായി യോഗി സർക്കാർ

single-img
28 August 2024

സോഷ്യൽ മീഡിയയിലെ ഉള്ളടക്കങ്ങൾ കർശനമായി നിയന്ത്രിക്കാൻ നിയമവുമായി യോഗി ആദിത്യനാഥിന്റെ ഉത്തർ പ്രദേശ് സർക്കാർ. ‘ദേശവിരുദ്ധ’ പോസ്റ്റുകൾ ഇടുന്നവർക്കു മൂന്നു വർഷം മുതൽ ജീവപര്യന്തം തടവ് വരെ ലഭിക്കുന്ന രീതിയിലാണ് നിയമനിർമാണം.

യുപി ഇൻഫർമേഷൻ വകുപ്പ് തയാറാക്കിയ ‘ഉത്തർപ്രദേശ് ഡിജിറ്റൽ മാധ്യമ നയം, 2024’- ന് ചൊവ്വാഴ്ചയാണ് യോഗി ആദിത്യനാഥ് മന്ത്രിസഭ അംഗീകാരം നൽകിയത്. അശ്ലീലമോ അപകീർത്തികരമോ ആയ കാര്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്നത് ക്രിമിനൽ മാനനഷ്ട കുറ്റങ്ങൾക്കു കാരണമാകും. പുതിയ നിയമമനുസരിച്ച്, സർക്കാർ പരസ്യങ്ങൾ ഫേസ്ബുക്, ഇൻസ്റ്റഗ്രാം, യൂട്യൂബ് ഉൾപ്പെടെയുള്ള സമൂഹമാധ്യമങ്ങളിലെ ഇൻഫ്ലുവൻസർമാർ വഴി പ്രചരിപ്പിക്കും.

ഓരോരുത്തരുടെയും ഫോളോവേഴ്സിന്റെ എണ്ണം അനുസരിച്ചാകും അവർക്കുള്ള പ്രതിഫലം നിശ്ചയിക്കുക. പ്രതിമാസം, രണ്ടു മുതൽ എട്ടുലക്ഷം രൂപവരെയാകും സർക്കാർ നയങ്ങളെയും പ്രവർത്തനങ്ങളെയും കുറിച്ച് പരസ്യം നൽകുന്നവർക്കു ലഭിക്കുക.

അതേസമയം, ആക്ഷേപകരമോ അശ്ലീലമോ ദേശവിരുദ്ധമോ ആയ ഉള്ളടക്കം പോസ്റ്റ് ചെയ്യുന്ന അക്കൗണ്ട് ഉടമകൾക്കെതിരെ കർശന നടപടികളും സ്വീകരിക്കും. ഏതെങ്കിലും “എതിർപ്പുള്ള ഉള്ളടക്കം” അപ്‌ലോഡ് ചെയ്യുന്ന ഏജൻസികൾ, സ്ഥാപനങ്ങൾ എന്നിവർക്കെതിരെയും നിയമനടപടികളുണ്ടാകും. എന്നാൽ ‘ദേശവിരുദ്ധ’ ഉള്ളടക്കങ്ങളുടെ പരിധിയിൽ എന്തൊക്കെയാകും വരിക എന്നതിനെക്കുറിച്ച് നിലവിൽ വ്യക്തത വന്നിട്ടില്ല.