യുവതിക്ക് മഴക്കോട്ട് യുവാവ് എറിഞ്ഞുകൊടുത്തത് ട്രെയിൻ ഗതാഗതം താറുമാറാക്കി
കേവലം ഒരു മഴക്കോട്ട് മുംബൈയിലെ ട്രെയിൻ ഗതാഗതം തന്നെ താറുമാറാക്കിയെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ ഇവിടെ ആ വിചിത്ര സംഭവം ഉണ്ടായിരിക്കുകയാണ് മുംബൈയിലെ ചര്‍ച്ച്‌ഗേറ്റ് റെയില്‍വെ സ്‌റ്റേഷനില്‍. മുംബൈയിൽ കനത്ത മഴ പെയ്യവേ രണ്ടാം പ്ലാറ്റ്‌ഫോമില്‍ തീവണ്ടി കാത്തിരിക്കുകയായിരുന്ന യുവാവ് മൂന്നാം പ്ലാറ്റ്‌ഫോമിലുള്ള സുഹൃത്തിന് മഴക്കോട്ട് കൈമാറാൻ ശ്രമിച്ചതാണ് വിഷയങ്ങൾക്ക് തുടക്കം.
യുവാവ് മഴക്കോട്ട് പ്ലാറ്റ്‌ഫോമുകള്‍ക്കിടയിലൂടെ എറിഞ്ഞു കൊടുത്തു. പക്ഷെ പ്ലാറ്റ്‌ഫോമിന്റെ മേല്‍ക്കൂരയിലുള്ള റെയില്‍വെ ലൈനുകള്‍ക്കൊപ്പം പരന്നുകിടന്ന ഇലക്ട്രിക് വയറില്‍ കോട്ട് കുടുങ്ങി. ഇതോടുകൂടി റെയില്‍വെ ഉദ്യോഗസ്ഥര്‍ക്ക് വൈദ്യുതി വിച്ഛേദിക്കേണ്ടിവന്നു.
അതിനുശേഷം 25 മിനിറ്റോളം സമയമെടുത്താണ് മഴക്കോട്ട് അവിടെ നിന്ന് മാറ്റാൻ സാധിച്ചത് . നീളമുള്ള വടി കൊണ്ടുവന്ന് കോട്ട് എടുക്കുകയായിരുന്നു. ഈ സമയമത്രയും തീവണ്ടികള്‍ വൈകിയോടി. സംഭവത്തിന് പിന്നാലെ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.