തൃശ്ശൂരിലെ സമ്മതിദായകർ അവരുടെ വിരൽത്തുമ്പിലൂടെ താമരയെ തൊട്ടുണർത്തി തൃശ്ശൂരിനെയും അതുവഴി കേരളത്തെയും വിരിയിക്കും: സുരേഷ് ഗോപി

single-img
26 April 2024

രാവിലെ തന്നെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്റെ സമ്മതിദാനാവകാശം നിർവഹിച്ച് തൃശൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപിയും കുടുംബവും. മുക്കാട്ടുകര സെയിന്റ് ജോർജ് എൽപി സ്‌കൂളിലെ 115-ാം ബൂത്തിലാണ് സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്തത്. സംസ്ഥാനത്തിന്റെ ഹൃദയവികാരം മാനിച്ച്, തൃശ്ശൂരിലെ സമ്മതിദായകർ അവരുടെ വിരൽത്തുമ്പിലൂടെ താമരയെ തൊട്ടുണർത്തി തൃശ്ശൂരിനെയും അതുവഴി കേരളത്തെയും വിരിയിക്കും എന്ന ആത്മവിശ്വാസമുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു.

എനിക്കായി എനിക്ക് ആദ്യമായാണ് വോട്ട് ചെയ്യാൻ സാധിച്ചത്. അതുതന്നെയാണ് ഏറ്റവും മഹത്തായ കാര്യം. ബൂത്തിലെ ഒന്നാമത്തെ വോട്ട് തന്നെ എനിക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഒരു മുതിർന്ന പൗരനെത്തി. അതിനുശേഷം പത്താമത് വോട്ട് ചെയ്യാവുന്ന സ്ഥിതിയിലെത്തിയെന്ന് സുരേഷ് ഗോപി പറഞ്ഞു.

അവസാന പത്ത് വർഷത്തെയെങ്കിലും എംപിമാരുടെ പ്രവർത്തനമെടുത്താൽ, അത് ജനങ്ങളിലേക്കാണോ എത്തിച്ചേർന്നത് എന്ന വിലയിരുത്തൽ മാത്രം മതി തനിക്ക് വിജയം ഉറപ്പിക്കാൻ. തിരഞ്ഞെടുപ്പ് വൈകിയതിനാൽ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിയതായും അദ്ദേഹം അഭിപ്രായപ്പെട്ടു.