കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ തൃശൂര്‍ വിജിലൻസ് കോടതി റിമാൻഡ് ചെയ്തു

single-img
24 May 2023

പാലക്കാട് പാലക്കയത്തെ കൈക്കൂലി കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ തൃശൂര്‍ വിജിലൻസ് കോടതി ജൂണ്‍ 6 വരെ റിമാൻഡ് ചെയ്തു.

ഇയാളെ തൃശൂര്‍ ജില്ലാ ജയിലിലേക്ക് മാറ്റി. സുരേഷിനെതിരായ വകുപ്പുതല നടപടിയിലും ഉടൻ തീരുമാനമുണ്ടാകും. കേസുമായി ബന്ധപ്പെട്ട് മണ്ണാര്‍ക്കാട് തഹസീല്‍ദാര്‍ പാലക്കാട് ജില്ലാ കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി.

മൂന്ന് വര്‍ഷം മുമ്ബാണ് പാലക്കയം വില്ലേജ് ഓഫീസില്‍ സുരേഷ് കുമാര്‍ എത്തുന്നത്. കൈക്കൂലി കണക്ക് പറഞ്ഞ് വാങ്ങിയിരുന്ന സുരേഷ് കുമാര്‍ പണം കൊടുത്തില്ലെങ്കില്‍ മാസങ്ങളോളം നടത്തിക്കും എന്നാണ് നാട്ടുകാര്‍ പറയുന്നത്. സര്‍വ്വേ പൂര്‍ത്തിയാക്കാത്ത പ്രദേശമായതിനാല്‍ പ്രദേശവാസികള്‍ക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി പലരില്‍ നിന്നും 500 മുതല്‍ 10,000 രൂപ വരെയാണ് ഇയാള്‍ കൈപ്പറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിന് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധ സമരം നടത്തിയിരുന്നു. എന്നാല്‍ സുരേഷ് കുമാര്‍ കൈക്കൂലിക്കാരൻ ആണെന്ന് എന്നറിയില്ലായിരുന്നുവെന്ന് പാലക്കയം വില്ലേജ് ഓഫീസര്‍ വ്യക്തമാക്കി.

മണ്ണാര്‍ക്കാട് തഹസീല്‍ദാറുടെ നേതൃത്വത്തില്‍ പാലക്കയം വിലേജ് ഓഫീസില്‍ പരിശോധന നടത്തി. മണ്ണാര്‍ക്കാട് ലോഡ്ജ് മുറിയില്‍ പണത്തിന് പുറമെ കവര്‍ പൊട്ടിക്കാത്ത 10 പുതിയ ഷര്‍ട്ടുകള്‍, മുണ്ടുകള്‍, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റര്‍ തേൻ, പടക്കങ്ങള്‍, കെട്ടുക്കണക്കിന് പേനകള്‍ എന്നിവ കണ്ടത്തിയിരുന്നു. കൈക്കൂലിയായി പൈസ മാത്രമല്ല എന്ത് കിട്ടിയാലും സുരേഷ് കുമള്‍ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസിൻ്റെ നിഗമനം. ഇയാള്‍ ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. അനധികൃത സ്വത്ത് എങ്ങനെ സമ്ബാദിച്ചെന്ന് വിജിലൻസ് അന്വേഷിക്കും.

മുമ്ബ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാള്‍ വ്യാപകമായി ക്രമക്കേട് നടത്തി. എന്നാല്‍ വിജിലൻസിന് ഇയാളെ ക്കുറിച്ച്‌ പരാതി കിട്ടുന്നത് ഇതാദ്യമാണ്. കൈയില്‍ കോടികള്‍ ഉള്ളപ്പോഴും സുരേഷ് കുമാര്‍ താമസിച്ചിരുന്നത് 2500 രൂപ മാസവാടകയുള്ള റൂമിലാണ്. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതൻ ആയതിനാല്‍ ശമ്ബളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴിയുണ്ട്. റൂം പൂട്ടാതെ പോലും പലപ്പോഴും സുരേഷ് കുമാര്‍ പുറത്തിറങ്ങിയിരുന്നതായി പ്രദേശവാസികള്‍ പറയുന്നു. സുരേഷ് കുമാറിൻ്റെ മുറിയില്‍ നിന് കണ്ടെത്തിയ നാണയത്തുട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി. ആകെ 9000 രൂപയുടെ നാണയത്തുട്ടുകളാണുള്ളത്. മുറിയില്‍ നിന്ന് ആകെ 35 ലക്ഷത്തി 70,000 രൂപ കണ്ടെത്തിയത്. സുരേഷ് കുമാറിനെ തൃശൂര്‍ വിജിലൻസ് കോടതിയില്‍ ഹാജരാക്കി.