രാഹുൽ ഗാന്ധിയുടെ സുവർണ ക്ഷേത്ര സന്ദർശനം; വിമർശനവുമായി ശിരോമണി അകാലിദൾ രംഗത്ത്
ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിന് മുന്നോടിയായി രാഹുൽ ഗാന്ധിയുടെ സുവര്‍ണക്ഷേത്ര സന്ദര്‍ശനത്തെ വിമര്‍ശിച്ച് ശിരോമണി അകാലിദള്‍ എം.പി ഹര്‍സിമ്രത് കൗര്‍ ബാദല്‍ രംഗത്ത്.
പഞ്ചാബിനെയും സിഖുകാരെയും വഞ്ചിക്കുകയും സിഖുകാരുടെ ആരാധനാലയങ്ങൾ പോലും തകർക്കാൻ ശ്രമിക്കുകയും ചെയ്ത ഗാന്ധി കുടുംബത്തിന്റെ പിൻഗാമിയായ രാഹുൽ ഗാന്ധിയെ സ്വാഗതം ചെയ്യുന്നതിൽ പഞ്ചാബ് കോൺഗ്രസിന്റെ ആവേശവും സന്തോഷവും കാണുമ്പോൾ ലജ്ജ തോന്നുന്നു ഇന്നുവരെ, ഗാന്ധി കുടുംബം മാപ്പ് പറഞ്ഞിട്ടില്ല. നിങ്ങൾ അവരെ സ്വാഗതം ചെയ്യുകയാണോ?- ശിരോമണി അകാലിദള്‍ എം.പി ഹര്‍സിമ്രത് കൗര്‍ ബാദല്‍ പറഞ്ഞു.
1984ൽ ഇന്ത്യൻ സൈന്യം ഓപറേഷൻ ബ്ലൂ സ്റ്റാർ നടത്തിയത് രാഹുലിന്റെ മുത്തശ്ശി ഇന്ദിരാഗാന്ധിയുടെ സർക്കാരിന്റെ കീഴിലായിരുന്നു. സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന് ആയുധധാരികളായ സിക്ക് തീവ്രവാദികളെ നീക്കാനായിരുന്നു സൈനിക നടപടി.
ഭാരത് ജോഡോ യാത്രയുടെ പഞ്ചാബ് പര്യടനത്തിന് മുന്നോടിയായാണ് രാഹുല്‍ സുവര്‍ണ ക്ഷേത്രത്തിലെത്തിയത്. ഓറഞ്ച് നിറമുള്ള ടര്‍ബന്‍ ധരിച്ചാണ് രാഹുല്‍ ആരാധനയില്‍ പങ്കെടുത്തത്. ഹരിയാനയില്‍ നിന്നാണ് ഭാരത് ജോഡോ യാത്ര പഞ്ചാബില്‍ പ്രവേശിച്ചത്. ഇനി എട്ട് ദിവസം പഞ്ചാബിലാണ്. ഇതിന് ശേഷം ഭാരത് ജോഡോ യാത്ര കശ്മീരിലേക്ക് കടക്കും. കശ്മീരില്‍ ഈ മാസം അവസാനം യാത്ര സമാപിക്കും.