ലാഭകരമല്ലാത്ത കെ എസ് ആർ ടി സി സർവീസുകളുടെ സമയക്രമീകരണം നടപ്പിലാക്കും: മന്ത്രി കെ ബി ഗണേഷ് കുമാർ
വകുപ്പിലെ ചെലവു കുറയ്ക്കലിന്‍റെ ഭാഗമായി ലാഭകരമല്ലാത്ത കെ എസ് ആർ ടി സി ബസ് സർവീസുകളുടെ സമയക്രമീകരണം നടപ്പിലാക്കുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന രീതിയിൽ സർവീസുകൾ നിർത്തലാക്കില്ലെന്നും മന്ത്രി പറഞ്ഞു.
കെ എസ് ആർ ടി സി ജീവനക്കാർക്കുളള പുതിയ യൂണിഫോമിന്റെ വിതരണോദ്ഘാടനവും കെഎസ്ആർടിസി ന്യൂസ് ലെറ്റർ ”ആനവണ്ടി.കോം” ന്റെ പുതിയ പതിപ്പിന്റെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പഴയതുപോലെ കാക്കി നിറത്തിലുള്ള പാന്‍റ്സും ഷർട്ടുമാണ് കെ എസ് ആർ ടി സി ജീവനക്കാരുടെ പുതിയ യൂണിഫോം. ഇന്ന് ഒമ്പത് ജീവനക്കാർക്ക് ചടങ്ങിൽ മന്ത്രി യൂണിഫോം വിതരണം ചെയ്തു. പുതിയ യൂണിഫോമുകളിൽ കണ്ടക്ടറുടെയും ഡ്രൈവറുടെയും പേരോ പെൻ നമ്പറോ വയ്ക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ഇതിനുപുറമെ ആനവണ്ടി.കോം ഇ-ബുക്ക് ആയി പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ എസ് ആർ ടി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയെന്നും സർവീസുമായി ബന്ധപ്പെട്ട് ഒരാഴ്ചയ്ക്കുള്ളിൽത്തന്നെ പരിഷ്‌കാരങ്ങൾ നടപ്പിലാക്കും. തിരുവനന്തപുരം നഗരത്തിലായിരിക്കും ആദ്യം മാറ്റങ്ങൾ കൊണ്ടുവരികയെന്നും മന്ത്രി കൂട്ടിച്ചേർത്തു.