ആംബുലൻസിൽ പൂരനഗരിയിലേക്ക്; സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു

single-img
3 November 2024

തൃശൂർ പൂരം അലങ്കോല വിവാദത്തിൽ അന്നേദിവസം ആംബുലൻസിൽ പൂരനഗരിയായ തിരുവമ്പാടിയിലെത്തിയ സംഭവത്തില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐയുടെ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസടുത്തിരിക്കുന്നത്.

അവശ്യ സേവനമായ ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്. രോഗികളെ മാത്രം കൊണ്ടുപോകാന്‍ അനുവാദമുള്ള ആംബുലന്‍സില്‍ യാത്ര ചെയ്തെന്നാണ് എഫ്ഐആറില്‍ പറയുന്നത്. പൊലീസ് നിയന്ത്രണം സുരേഷ് ഗോപി ലംഘിച്ചെന്നും എഫ്ഐആറില്‍ പറയുന്നു.

പരാതിയിന്മേൽ ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ഗോപിക്കെതിരെ കേസെടുത്തിരിക്കുന്നത്. സുരേഷ് ഗോപി ഉൾപ്പടെ പ്രതികൾ 6 മാസം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പൂരം അലങ്കോലമായ രാത്രി വീട്ടിൽ നിന്നും തിരുവമ്പാടി ദേവസ്വം ഓഫീസിലേക്ക് സേവാഭാരതിയുടെ ആംബുലൻസിലാണ് സുരേഷ് ഗോപി എത്തിയത്. ആംബുലന്‍സിൽ സുരേഷ് ഗോപി എത്തുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.