മഴ; കേരളത്തിലെ അഞ്ച് ജില്ലകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി

single-img
19 July 2024

ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർമാർ ഇന്ന് അവധി പ്രഖ്യാപിച്ചു. വയനാട്, കണ്ണൂർ, പാലക്കാട് ജില്ലകളിൽ പ്രൊഫഷണൽ കോളജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. കാസർകോട് , കോഴിക്കോട് ജില്ലകളിലെ കോളജുകൾ ഒഴികെയുള്ള വിഭ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി.

അതേസമയം, നേരത്തെ നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല. മലപ്പുറം ജില്ലയിലെ അരീക്കോട്, കൊണ്ടോട്ടി ഉപജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിയിൽ ദേവികുളം താലൂക്കിലും ചിന്നക്കനാൽ പഞ്ചായത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട് .

നിലവിലെ സാഹചര്യത്തിൽ അടുത്ത നാല് ദിവസം ശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, ജില്ലകളിൽ മഞ്ഞ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സംസ്ഥാനത്ത് അടുത്ത ബുധനാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 55 കിലോമീറ്റർ വേഗതയുള്ള കാറ്റ് വീശാനും സാധ്യതയുണ്ട്.