സല്‍ഭരണത്തിനും സമാധാനത്തിനും ക്രമസമാധാനത്തിനും സ്ഥിരതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് ഇന്ന് ഉത്തര്‍പ്രദേശ്: പ്രധാനമന്ത്രി

single-img
10 February 2023

നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചയെ നയിക്കുന്നതില്‍ യുപിയാണ് ഇപ്പോൾ മുന്നിലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിക്ഷേപകരുടെ ഒരു വലിയ കേന്ദ്രമായി യുപി ഉയര്‍ന്നുവരികയാണെന്നും അത് അഭിമാനകരമാണെന്നും മോദി പറഞ്ഞു. സംസ്ഥാനത്തെ ആഗോള നിഷേപക ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യുപി ഇപ്പോൾ വൈദ്യുതി മുതല്‍ എല്ലാ മേഖലകളിലും വളരെയധികം പുരോഗതി കൈവരിച്ചിട്ടുണ്ടെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം വാണിജ്യ മേഖലയില്‍ സംസ്ഥാനം സ്വീകരിച്ച പുതിയ സമീപനം ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് മുതല്‍ക്കൂട്ടാണെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ വാണിജ്യ മേഖലയുടെ പുരോഗതിക്കായി യുപി അതിന്റെ ചിന്താഗതിയും സമീപനവും മാറ്റി. അത് ഇന്ത്യയുടെ വളര്‍ച്ചയ്ക്കും സഹായകമാണ്.

അതേപോലെ തന്നെ സല്‍ഭരണത്തിനും സമാധാനത്തിനും ക്രമസമാധാനത്തിനും സ്ഥിരതയ്ക്കും പേരുകേട്ട സംസ്ഥാനമാണ് ഇന്ന് ഉത്തര്‍പ്രദേശ്. ഡയറി, ഫിഷറീസ്, കൃഷി, ഭക്ഷ്യ സംസ്‌കരണ മേഖലകള്‍ എന്നിവയില്‍ നിരവധി പുതിയ സംരഭങ്ങള്‍ സംസ്ഥാനത്തുണ്ട്’, പ്രധാനമന്ത്രി പറഞ്ഞു.ഒരുകാലത്തെ യുപിയെക്കുറിച്ച് ആര്‍ക്കും പ്രതീക്ഷയില്ലായിരുന്നു. എന്നാല്‍ ആ ചിന്തകളെല്ലാം അപ്രസക്തമാണെന്ന് തെളിഞ്ഞുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.