മലേഷ്യൻ സർക്കാരിന്റെ പരമോന്നത ബഹുമതി; ടോക്കോമാൽ ഹിജ്റ പുരസ്കാരം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക്
ലോകസമാധാനത്തിനും, സൗഹാർദ്ദത്തിനുമായി പ്രവർത്തിയ്ക്കുന്ന ലോക പ്രശസ്തരായ മുസ്‌ലിം പണ്ഡിതർക്കായി എല്ലാ ഹിജ്റ വർഷാരംഭത്തിലും മലേഷ്യൻ സർക്കാർ ഏർപ്പെടുത്തിയിട്ടുള്ള അന്താരാഷ്ട്ര ടോക്കോമാൽ ഹിജ്റ അവാർഡ് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക്. മലേഷ്യയിലെ ഏറ്റവും വലിയ സിവിലിയൻ ബഹുമതികളിലൊന്നാണ് ഈ പുരസ്കാരം.
ക്വാലാലംപൂർ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് മലേഷ്യൻ രാജാവാണ് കാന്തപുരത്തിന് പുരസ്കാരം സമ്മാനിച്ചത്. പ്രധാനമന്ത്രി അൻവർ ഇബ്രാഹീമിന്റെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര ദാനം. സ്വദേശത്തും വിദേശത്തും ഇസ്‌ലാമിന്റെ സ്നേഹ സന്ദേശം പ്രചരിപ്പിക്കുന്നതിലും വിവിധ മതസ്ഥർക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അർപ്പിച്ച അമൂല്യമായ സംഭാവനകൾ പരിഗണിച്ചാണ് കാന്തപുരത്തെ അവാർഡിന് തിരഞ്ഞെടുത്തതെന്ന് മലേഷ്യൻ ഇസ്‌ലാമിക വികസന മന്ത്രാലയം വ്യക്തമാക്കി .
കാന്തപുരം നേതൃത്വം നൽകുന്ന സംഘടന നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്നും പുരസ്കാര സമിതി വിലയിരുത്തിയിട്ടുണ്ട് . അതേസമയം, ഈ പുരസ്‌കാരം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമക്ക് ലഭിച്ച അംഗീകാരമായാണ് കാണുന്നതെന്ന് ഇന്ത്യന്‍ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ കോഴിക്കോട് സംഘടിപ്പിച്ച സ്വീകരണ ചടങ്ങിൽ പറഞ്ഞു.
വ്യക്തിപരമല്ല, സമസ്തക്കുള്ളതാണ് ഈ ബഹുമതികളെല്ലാം. സമൂഹത്തിനും രാജ്യത്തിനും ഗുണപരമാവുമെന്നതിനാലാണ് പുരസ്‌കാരം സ്വീകരിച്ചത്. മതപരമായ വിഷയത്തില്‍ ഏതെങ്കിലും തര്‍ക്കങ്ങളോ ഭിന്നാഭിപ്രായങ്ങളോ ഉടലെടുക്കുമ്പോള്‍ അവ പരിഹരിക്കാന്‍ നമ്മള്‍ ഉണ്ടാവണമെന്നാണ് മലേഷ്യയിലെ യയാസാന്‍ പഹാങ് യൂണിവേഴ്‌സിറ്റി മര്‍കസുമായുള്ള ധാരണാപത്രത്തില്‍ പറഞ്ഞത്. ഇത് സമസ്തക്കും മര്‍കസിനും കേരളത്തിലെ സുന്നി പ്രസ്ഥാനത്തിനും ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.