യുപിയിൽ ക്ഷേത്രത്തിലെ പ്രതിഷ്ഠയ്ക്ക് യുവാവ് സമർപ്പിച്ചത് ബ്ലേഡ് ഉപയോഗിച്ച് മുറിച്ചെടുത്ത നാവ് ; അപകടനില തരണം ചെയ്തതായി പോലീസ്


യുപിയിലെ കൗശാംബിയിലെ കടധാം ക്ഷേത്രത്തിൽ നാവ് മുറിച്ചെടുത്ത് സമർപ്പിച്ച യുവാവ് അപകടനില തരണം ചെയ്തു. സമ്പത് (38) എന്ന് പേരുള്ള യുവാവ് നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിലെ പ്രതിഷ്ഠയായ ദേവിക്ക് സമർപ്പിക്കുകയായിരുന്നു.
ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവാവിൻ്റെ ആരോഗ്യനില തൃപ്തികരമാണെന്ന് പോലീസ് അറിയിച്ചു. തന്റെ ഭാര്യയായ ബാൻ പതിക്കൊപ്പം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയ സമ്പത് ബ്ലേഡ് ഉപയോഗിച്ച് നാവ് മുറിച്ചെടുത്ത് ക്ഷേത്രത്തിൽ സമർപ്പിക്കുകയായിരുന്നുവെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് തിവാരി മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു.
സമീപത്തുള്ള ഗംഗയിൽ സ്നാനം ചെയ്ത ശേഷമാണ് സമ്പത്തും ഭാര്യയും ക്ഷേത്രത്തിൽ എത്തിയത്.ക്ഷേത്രത്തിൽ രണ്ടുപേരും പ്രദക്ഷിണം പൂർത്തിയാക്കിയ ശേഷം ബ്ലേഡ് ഉപയോഗിച്ച് നാവ് മുറിച്ചെടുത്ത സമ്പത് ക്ഷേത്രകവാടത്തിൽ വെക്കുകയായിരുന്നു.
നിരവധി ആളുകൾ നോക്കി നിൽക്കെയാണ് യുവാവ് നാവ് മുറിച്ചെടുത്തത്. ഉടൻതന്നെ ആളുകൾ വിവരമറിയിച്ചതിനെ തുടർന്ന് ക്ഷേത്രത്തിലെത്തുകയും രക്തം വാർന്ന നിലയിൽ കണ്ടെത്തിയ സമ്പത്തിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് തിവാരി പറഞ്ഞു.
അതേസമയം ക്ഷേത്രത്തിൽ സന്ദർശനം നടത്തുന്നതിനെ കുറിച്ച് വെള്ളിയാഴ്ച സമ്പത് പറഞ്ഞിരുന്നുവെങ്കിലും നാവ് മുറിച്ചെടുക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഭാര്യ ബാൻ പതി പറയുന്നു. കടുത്ത ദൈവ വിശ്വാസിയായ ഭർത്താവ് നവരാത്രിക്കും ചൈത്ര നവരാത്രിക്കും വർഷത്തിൽ രണ്ടുതവണ വ്രതവും മറ്റ് മതപരമായ രീതികളും പിന്തുടരുകയും വിശ്വസിക്കുകയും ചെയ്യുന്ന വ്യക്തിയാണെന്നും അവർ കൂട്ടിച്ചേർത്തു.