വിരലിന് പകരം നാവിൽ ശസ്ത്രക്രിയ; സംഭവിച്ചത് തെറ്റെന്ന് സമ്മതിച്ചു ആരോഗ്യമന്ത്രി
കോഴിക്കോട് മെഡിക്കൽ കോളജിൽ കുട്ടിയുടെ കൈവിരലിന് പകരം നാവിൽ ശസ്ത്രക്രിയ ചെയ്തത് ചികിത്സാപ്പിഴവെന്ന് അംഗീകരിച്ച് സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജ്. ഇതുപോലെയുള്ള പിഴവുകൾ തെറ്റായി കണ്ട് കർശന നടപടി സ്വീകരിക്കും.
മാത്രമല്ല ,ചികിത്സയിൽ പിഴവുവരുത്തിയ ഡോക്ടർക്കെതിരെ സൂര്യാസ്തമയത്തിന് മുൻപ് നടപടി സ്വീകരിച്ചെന്നും സർക്കാർ ആശുപത്രികളിൽ ഇത്തരം പിഴവുകൾ സ്ഥിരമായി സംഭവിക്കുന്നെന്ന് വരുത്തിത്തീർക്കാനുള്ള വ്യാപകശ്രമങ്ങൾ നടക്കുകയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.
അതേസമയം , യുഡിഎഫ് സർക്കാരിന്റെ കാലഘട്ടത്തെ അപേക്ഷിച്ച് ചികിത്സാ പിഴവുകൾ കുറഞ്ഞിട്ടുണ്ടെന്നും മികച്ച സേവനം നൽകുന്ന ഡോക്ടർമാർക്ക് ആത്മവിശ്വാസം പകരുകയാണ് വേണ്ടതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു.
രാജ്യത്ത് ഏറ്റവും കൂടുതൽ കാർഡിയോളജി ഇന്റെർവെൻഷനും സർജിക്കൽ പ്രോസീജിയറും നടക്കുന്ന സർക്കാർ മെഡിക്കൽ കോളജാണ് കോട്ടയം മെഡിക്കൽ കോളജ്. 2023ൽ രാജ്യത്ത് സൗജന്യ ചികിത്സ നടക്കുന്ന സർക്കാർ മെഡിക്കൽ കോളജുകളിൽ ഒന്നാം സ്ഥാനം ലഭിച്ചതും കോട്ടയം മെഡിക്കൽ കോളജിനാണ്. എന്നാൽ ചികിത്സയിൽ ഉണ്ടാകുന്ന പിഴവ് തെറ്റായി തന്നെ കാണും. കർശന നടപടിയും സ്വീകരിക്കും.
ഇവിടെ കുട്ടിയുടെ കൈവിരലിനുള്ള ശസ്ത്രക്രിയക്ക് പകരം നാവിൽ ശസ്ത്രക്രിയ ചെയ്തത് തെറ്റാണ്. അത് തെറ്റായി തന്നെ കണ്ടുകൊണ്ട് അതേദിവസം സൂര്യനസ്തമിക്കുന്നതിന് മുൻപ് തന്നെ ഡോക്ടർക്കെതിരെ നടപടി സ്വീകരിച്ചു. കേരളത്തിൽ മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള സർക്കാർ ആശുപത്രികളിലെല്ലാം ഇത്തരം സംഭങ്ങൾ ഉണ്ടാകുന്നു എന്ന് വരുത്തിത്തീർക്കാൻ വ്യാപക പ്രചരണം നടക്കുകയാണെന്ന് മന്ത്രി പറഞ്ഞു.