ടി.പി കേസ് പ്രതികള്‍ക്ക് ശിക്ഷായിളവ് നല്‍കാനുള്ള നീക്കം കോടതിയോടുള്ള വെല്ലുവിളി: കെ.കെ രമ

single-img
22 June 2024

ജയിലിൽ കഴിയുന്ന ടി.പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമെന്ന് കെ.കെ രമ പറഞ്ഞു. ‘പ്രതികൾക്ക് ഒരു കാരണവശാലും ശിക്ഷായിളവ് കൊടുക്കാൻ പാടില്ല എന്നുള്ളത് ഹൈക്കോടതിയുടെ വിധിയിൽ വളരെ വ്യക്തമായിട്ടുണ്ട്.

അതുകൊണ്ടുതന്നെ പ്രതികളുടെ ശിക്ഷ കോടതി ഇരട്ടിയായി വർധിപ്പിക്കുകയും ഇരട്ട ജീവപര്യന്തം ആക്കുകയും ചെയ്തിട്ടുണ്ട്. കേരളാ ഹൈക്കോടതിയുടെ ശക്തമായ വിധി ഉണ്ടായിട്ടുപോലും അതിനെയെല്ലാം മാറികടന്നുകൊണ്ടുള്ള ഒരു തീരുമാനമാണ് ഇപ്പോൾ സർക്കാരിൽ നിന്നും ഉണ്ടായിട്ടുള്ളത്. ഇത് ഹൈക്കോടതിയോടുള്ള വെല്ലുവിളിയും കോടതി അലക്ഷ്യവുമാണ്.

കേസിലെ പ്രതികളുടെ പേര് ശിക്ഷായിളവ് നൽകുന്നവരുടെ ലിസ്റ്റിൽപോലും ഉണ്ടാവാൻ പാടില്ലാത്തതാണ്. ശക്തമായ കോടതി വിധി ഉണ്ടായിട്ടുപോലും ഇതാണ് സർക്കാറിന്റെ നീക്കമെങ്കിൽ അതിനെ രാഷ്ട്രീയപരമായും നിയമപരമായും നേരിടാനാണ് തീരുമാനം. കോടതിയേയും ഗവർണറെയും സമീപിക്കും’, കെ.കെ രമ അറിയിച്ചു .