കനത്ത മഴയെത്തുടര്‍ന്ന് മസ്കറ്റ് ഗവര്‍ണറേറ്റില്‍ ഗതാഗതം തടസ്സപ്പെട്ടു

single-img
27 December 2022

മസ്കറ്റ്: കനത്ത മഴയെത്തുടര്‍ന്ന് മസ്കറ്റ് ഗവര്‍ണറേറ്റില്‍ ഗതാഗതം തടസ്സപ്പെട്ടു. അഖബത്ത് ബൗഷര്‍-അമേറാത്ത് റോഡില്‍ വാഹനങ്ങള്‍ നിരോധിച്ചതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് പ്രസ്താവനയില്‍ പറയുന്നു.

അല്‍ ഖുവൈര്‍ , ഖുറം എന്നി ഫ്ലൈ ഓവറിനു താഴെ കൂടിയുള്ള വാഹനഗതാഗതം അടച്ചിട്ടുണ്ടെന്നും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ട്രാഫിക് പ്രസ്താവനയില്‍ വ്യക്തമാക്കുന്നുണ്ട്. മസ്‌കത്ത് ഗവര്‍ണറേറ്റിലെ അല്‍ ഖുവൈര്‍, ഖുറം, സീബ്, മബേല എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുന്നതായും അറിയിപ്പില്‍ പറയുന്നു.

മഴയെ തുടര്‍ന്ന് റോയല്‍ ഒമാന്‍ പൊലീസ് ജാഗ്രതാ നിര്‍‌ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെ മുതല്‍ ഒമാന്റെ പല ഭാഗങ്ങളിലും കനത്ത മഴ തുടരുന്നതിനാല്‍ വാഹനമോടിക്കുന്നവരോട് ജാഗ്രത പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. മസ്‌കറ്റ്, സൗത്ത് അല്‍ ബത്തിന, നോര്‍ത്ത് അല്‍ ബത്തിന, അല്‍ ദഖിലിയ, മുസന്ദം, അല്‍ ദാഹിറ, അല്‍ ബുറൈമി ഗവര്‍ണറേറ്റുകളില്‍ മഴ പെയ്യുവാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.

അതേസമയം ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി ഒമാന്റെ വിവിധ പ്രദേശങ്ങളില്‍ മഴ തുടരുമെന്ന് നേരത്തെ അറിയിപ്പ് ഉണ്ടായിരുന്നു. ബുധനാഴ്ച വരെ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മുസന്ദം, വടക്കന്‍ ബത്തിന, ബുറൈമി എന്നീ ഗവര്‍ണറേറ്റുകളിലായിരിക്കും മഴയ്ക്ക് സാധ്യത.

തിങ്കള്‍ മുതല്‍ ബുധന്‍ വരെ ബാധിക്കുന്ന മറ്റൊരു ന്യൂനമര്‍ദ്ദത്തിന്റെ ഫലമായി വടക്കന്‍ ഗവര്‍ണറേറ്റുകളില്‍ 10 മുതല്‍ 50 മില്ലി മീറ്റര്‍ വരെ മഴ ലഭിച്ചേക്കാമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മണിക്കൂറില്‍ 30 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കടലില്‍ പോകുന്നവര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. പലയിടങ്ങളിലും വാദികള്‍ നിറഞ്ഞൊഴുകുന്ന സാഹചര്യം ഉണ്ടായേക്കാം. തിരമാലകള്‍ 2.5 മീറ്റര്‍ വരെ ഉയര്‍ന്നേക്കും.