ഒഡിഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായി മൂന്നാം ദിവസം വീണ്ടും അപകടം; ബാർഗഡില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി
ഒഡിഷയിലെ ബാലസോറില്‍ ട്രെയിന്‍ അപകടമുണ്ടായി മൂന്നാം ദിവസം വീണ്ടും അപകടം. ബാർഗഡില്‍ ചരക്ക് ട്രെയിൻ പാളം തെറ്റി. അഞ്ച് ബോഗികളാണ് മറിഞ്ഞത്. ആര്‍ക്കും പരിക്കില്ലെന്നാണ് ആദ്യ വിവരം. അപകടത്തിന്‍റെ കാരണം എന്താണെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണമുണ്ടാകും. സിമന്‍റ് കൊണ്ടുപോവുകയായിരുന്ന ചരക്ക് ട്രെയിൻ ആണ് അപകടത്തിൽപ്പെട്ടത്.
പ്ലാന്റിലേക്ക് സിമൻറ് കൊണ്ടുപോകുമ്പോഴാണ് പാളം തെറ്റിയത്. ആപകടം ഉണ്ടായത് സ്വകാര്യ റെയില്‍പാളത്തില്‍ ആണെന്ന് റെയില്‍വെ മന്ത്രാലയം അറിയിച്ചു. വാഗണുകളും ലോക്കോയും എല്ലാം സ്വകാര്യ കമ്പനിയുടേതാണ്. ഇതിന് റെയില്‍വെ മന്ത്രാലയവുമായി ബന്ധമില്ലെന്നും റെയില്‍വെ വിശദീകരിച്ചു.
ബാലേസോറിൽ ട്രെയിൻ ദുരന്തം നടന്ന സ്ഥലത്തെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയ ട്രാക്കിലൂടെ ട്രെയിനുകൾ കടത്തിവിട്ട് തുടങ്ങി. ഇന്നലെ രാത്രിയോടെ ചരക്ക് ട്രെയിനാണ് ആദ്യം കടത്തി വിട്ടത്. 275 പേർ കൊല്ലപ്പെട്ട ദുരന്തം നടന്ന് 51 മണിക്കൂറിനുള്ളിലാണ് ഗതാഗതം പുനസ്ഥാപിച്ചത്. റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന്റെ സാന്നിധ്യത്തിലാണ് ട്രെയിൻ കടത്തിവിട്ടത്.മറ്റു രണ്ട് ട്രാക്കുകളിലും അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി മൂന്ന് ദിവസത്തിനുള്ളിൽ ഗതാഗതം സാധാരണ നിലയിലാക്കുമെന്ന് റെയിൽവേ അറിയിച്ചു.
അതെ സമയം അപകടത്തിൽ മരിച്ചവരിൽ 88 പേരെ മാത്രമാണ് ഇതുവരെ തിരിച്ചറിഞ്ഞത്. മറ്റുള്ളവരെ തിരിച്ചറിയാൻ നടപടികൾ തുടരുകയാണ്.നിരവധിയാളുകളാണ് ഉറ്റവരെ തേടി സംഭവ സ്ഥലത്തെ ആശുപത്രികളിൽ എത്തുന്നത്.മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തി ബന്ധുക്കൾക്ക് കൈമാറുന്ന നടപടികളും പുരോഗമിക്കുകയാണ്. തിരിച്ചറിയാനാകാത്ത മൃതദേഹങ്ങൾ ആവശ്യമെങ്കിൽ ഡി എൻ എ പരിശോധന നടത്താനാണ് തീരുമാനം. അപകടത്തെ കുറിച്ച് സിബിഐ അന്വേഷിക്കുമെന്ന് റെയിൽവേ മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സിഗ്നൽ സംവിധാനത്തിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.ദുരന്തത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര റെയിൽവേ മന്ത്രി രാജിവെക്കണമെന്ന ആവശ്യവും പ്രതിപക്ഷം ശക്തമാക്കിയിട്ടുണ്ട്.