ഒഡീഷയിലെ ട്രെയിനപടകം; പൊളിക്കാനാകാതെ ഒരു ബോഗി; ആളുകൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്

single-img
3 June 2023

ഭുവനേശ്വർ: ഒഡീഷയിലെ ബാലസോറിലെ ട്രെയിനപടകത്തിൽ മരിച്ചവരുടെ എണ്ണം ഉയർന്നു. പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും ആരോഗ്യനില ഗുരുതരമായി തുടരുന്നത് മരണസംഖ്യ ഉയരാൻ കാരണമായി. പരിക്കേറ്റവർ ബാലസോർ, മയൂർഭഞ്ച്, ഭദ്രക്, ജാജ്പൂർ, കട്ടക്ക് ജില്ലകളിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്ന് ഒഡീഷ ചീഫ് സെക്രട്ടറി പ്രദീപ് ജെന പറഞ്ഞു.

സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. ഒരു ബോഗിയിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. ഈ ബോഗിയിൽ നിന്ന് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാപ്രവർത്തനം ദുഷകരമായ ഈ ബോഗി വെട്ടിപ്പൊളിച്ച് ആളുകളെ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

കോച്ചുകൾ കൂട്ടിയിടിച്ച് കുടുങ്ങിക്കിടക്കുന്നതാണ് രക്ഷാപ്രവർത്തനം ദുഷകരമാക്കുന്നത്. ഗ്യാസ് കട്ടറുകൾ ഉപയോഗിച്ചാണ് ട്രെയിൻ കോച്ചുകൾ വെട്ടിപ്പൊളിക്കുന്നത്. എത്ര കോച്ചുകൾ പാളം തെറ്റിയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. 200 ആംബുലൻസുകളും 50 ബസുകളും 45 മൊബൈൽ ഹെൽത്ത് യൂണിറ്റുകളും സ്ഥലത്തുണ്ട്. 1,200 ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായിരിക്കുന്നത്.

ഭുവനേശ്വറിലെ എയിംസ് ഉൾപ്പെടെ സമീപ ജില്ലകളിലെ എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളിലും ജാഗ്രതാ നിർദേശം നൽകി.
രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെയും വിളിച്ചിട്ടുണ്ടെന്ന് സംഭവസ്ഥലത്തെത്തിയ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. പരിക്കേറ്റവരെ സഹായിക്കാൻ രണ്ടായിരത്തിലധികം പേർ വെള്ളിയാഴ്ച രാത്രി ബാലസോർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തി. അഞ്ഞൂറ് യൂണിറ്റ് രക്തം ഒറ്റ രാത്രി കൊണ്ട് ശേഖരിച്ചുവെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു. രക്തം ദാനം ചെയ്തവരോട് വ്യക്തിപരമായി കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

മരണസംഖ്യ 288 ആയതായി ഒഡീഷ ഫയർ സർവീസസ് ഡയറക്ടർ ജനറൽ സുധാൻഷു സാരംഗി പറഞ്ഞു. നിരവധി യാത്രക്കാർ ട്രെയിനിന്റെ മറിഞ്ഞ കോച്ചിനുള്ളിൽ കുടുങ്ങിക്കിടക്കുകയാണ്. ദുരന്തനിവാരണ ഉദ്യോഗസ്ഥരും ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. പ്രദേശവാസികളും പോലീസും ആളുകളെ പുറത്തെടുക്കാൻ മുൻപന്തിയിൽ തന്നെയുണ്ട്.