പ്രതിഷേധങ്ങൾക്കിടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി
14 May 2024
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌ക്കാരങ്ങൾക്കെതിരായ പ്രതിഷേധം തുടരുന്നതിനിടെ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍. നാളെ വൈകീട്ട് മന്ത്രിയുടെ ചേംബറില്‍ വച്ചാണ് ചര്‍ച്ച നടക്കുക.
എല്ലാ തൊഴിലാളി സംഘടനകളുടെ പ്രതിനിധികളെയും ചര്‍ച്ചയ്ക്ക് ക്ഷണിച്ചിട്ടുണ്ട്. പ്രതിഷേധങ്ങളെ തുടര്‍ന്ന് സംസ്ഥാനത്ത് ഇന്നും ടെസ്റ്റുകള്‍ മുടങ്ങിയ സാഹചര്യത്തിലാണ് ചര്‍ച്ച. സംസ്ഥാന വ്യാപകമായി തുടര്‍ച്ചയായി ടെസ്റ്റ് മുടങ്ങുന്നത് പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ഗതാഗത മന്ത്രി വിവിധ സംഘടനകളെ ചര്‍ച്ചക്ക് വിളിച്ചത്.
ഇടതുപക്ഷത്തുനിന്നും സിഐടിയു ഉള്‍പ്പെടെയുള്ള സംഘടനകള്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ഓരോ സംഘടനകളില്‍ നിന്നും രണ്ട് പ്രതിനിധികളെയാണ് ചര്‍ച്ചക്ക് ക്ഷണിച്ചത്. പരിഷ്‌കരണം പിന്‍വലിക്കാതെ പിന്നോട്ടില്ല എന്ന നിലപാടിലാണ് സമര സമിതി.