അമ്മയുടെ കാമുകന്‍ എട്ട് വയസുകാരനെ മര്‍ദ്ദിച്ചു കൊന്ന കേസില്‍ മൂന്നു വർഷത്തിന് ശേഷം വിചാരണ ഇന്ന് തുടങ്ങുന്നു
തൊടുപുഴ: എട്ട് വയസുകാരനെ അമ്മയുടെ കാമുകൻ മർദിച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്നു വർഷത്തിന് ശേഷം വിചാരണ ഇന്ന് തുടങ്ങും.
തൊടുപുഴയിൽ 2019ൽ ആണ് നാടിനെ നടുക്കുന്ന സംഭവം അരങ്ങേറിയത്. തൊടുപുഴ അഡിഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
പ്രതിയായ അരുണ്‍ ആനന്ദ് നിരവധി തവണ കുട്ടിയെ മര്‍ദ്ദിച്ചു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സംഭവം പുറത്തുവന്ന് മൂന്ന് വര്‍ഷത്തിനു ശേഷമാണ് വിചാരണ തുടങ്ങുന്നത് . കേസില്‍ അരുണ്‍ ആനന്ദിനൊപ്പം കുട്ടിയുടെ അമ്മയും പ്രതിയാണ്
വിചാരണയുടെ ആദ്യ ഘട്ടമായി പ്രതി അരുണ്‍ ആനന്ദിനെ കുറ്റപത്രം വായിച്ചു കേള്‍പ്പിക്കും. മറ്റൊരു കേസില്‍ ശിക്ഷയില്‍ കഴിയുന്ന അരുണ്‍ ആനന്ദ് ഇന്ന് നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുവരെ ഓണ്‍ലൈനായാണ് അരുണ്‍ ആനന്ദ് കോടതിയില്‍ ഹാജരായിരുന്നത്.
2019 ഏപ്രില്‍ ആറിനാണ് കുട്ടി മരിക്കുന്നത്. മര്‍ദ്ദനം നടന്ന് മുക്കാല്‍ മണിക്കൂറിന് ശേഷമാണ് കുട്ടിയെ ആശുപത്രിയില്‍ കൊണ്ടു പോയത്. സോഫയില്‍ നിന്ന് വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോട് കുട്ടിയുടെ അമ്മയും അരുണും പറഞ്ഞത്. കുട്ടിയുടെ അച്ഛനാണ് അരുണെന്നും പറഞ്ഞു.
എന്നാല്‍ ആശുപത്രി അധികൃതര്‍ക്ക് ഇതില്‍ സംശയം തോന്നിയതിനാല്‍ അടിയന്തര ചികിത്സ നല്‍കുന്നതിനൊപ്പം പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു . പൊലീസെത്തിയപ്പോഴേക്ക് വിദഗ്‍ധ ചികിത്സയ്ക്കായി കോലഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകണമെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
എന്നാല്‍ അരുണ്‍ ഇതിന് തയ്യാറായില്ല. അരമണിക്കൂര്‍ നേരം ആംബുലന്‍സില്‍ കയറാതെ അരുണ്‍ അധികൃതരുമായി നിന്ന് തര്‍ക്കിച്ചു. കുട്ടിയുടെ അമ്മയെ ആംബുലന്‍സില്‍ കയറാന്‍ അനുവദിക്കുകയും ചെയ്തില്ല. ഒടുവില്‍ പൊലീസ് നിര്‍ബന്ധിച്ചാണ് ആംബുലന്‍സില്‍ ഇരുവരെയും കയറ്റിവിട്ടത്.
ഒന്നേകാല്‍ മണിക്കൂര്‍ അരുണ്‍ കുട്ടിയുടെ ചികിത്സ വൈകിപ്പിച്ചു. നേരത്തേ കൊണ്ടുവന്നിരുന്നെങ്കില്‍ കുറച്ചു കൂടി വിദഗ്‍ധ ചികിത്സ കുട്ടിയ്ക്ക് നല്‍കാനാകുമായിരുന്നെന്ന് ഡോക്ടര്‍മാരും വ്യക്തമാക്കുന്നു.
അതേസമയം, കുട്ടിയുടെ മരണ കാരണം തലയ്ക്കേറ്റ മാരകമായ ക്ഷതം തന്നെയാണെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പറയുന്നു. തലയ്ക്ക് മുന്നിലും പിന്നിലും ചതവുണ്ട്. തലയോട്ടിയുടെ വലതു ഭാഗത്താണ് പൊട്ടല്‍. വാരിയെല്ലിനും പൊട്ടലുണ്ട്. ശരീരത്തില്‍ ബലമായി ഇടിച്ചതിന്‍റെ പാടുകളുമുണ്ട്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.