വന്ദേഭാരതിന്റെ ട്രയൽ റണ്‍ ആരംഭിച്ചു; ട്രയൽ റണ്‍ തിരുവനന്തപുരത്തു നിന്ന് കണ്ണൂരിലേക്ക്
വന്ദേഭാരതിന്റെ ട്രയൽ റണ്‍ ആരംഭിച്ചു. പുലർച്ചെ 5.10നാണ് ട്രെയിൻ പുറപ്പെട്ടത്. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽനിന്നും കണ്ണൂരിലേക്കാണ് ട്രെയിൻ യാത്ര തിരിച്ചത്. ട്രയൽ റണ്ണിൽ 50 മിനിറ്റ് കൊണ്ട് കൊല്ലത്ത് എത്താൻ വന്ദേഭാരതിനായി. ഏഴ് മണിക്കൂർ കൊണ്ട് ട്രെയിൻ കണ്ണൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
തിരുവനന്തപുരം ഡിവിഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിവിധ എന്‍ജിനിയറിങ് വിഭാഗവും വണ്ടിയിലുണ്ടാകും. ഷൊര്‍ണൂരില്‍ സ്റ്റോപ്പില്ലാത്തതിനാല്‍ പാലക്കാട് ഡിവിഷന് ഉന്നത ഉദ്യോഗസ്ഥര്‍ തൃശ്ശൂരില്‍നിന്ന് കയറും.
വന്ദേഭാരതിന്റെ സമയക്രമം, ടിക്കറ്റ് നിരക്ക്, ഏതൊക്കെ സ്റ്റേഷനുകളിൽ നിർത്തും എന്നിവ അടക്കമുള്ള ഔദ്യോഗിക വിവരങ്ങൾ ഇന്നു ലഭിക്കും. ഇതുസംബന്ധിച്ചു തിരുവനന്തപുരം റെയിൽവേ ഡിവിഷൻ സമർപ്പിച്ച ശിപാർശകൾകൂടി പരിഗണിച്ച് റെയിൽവേ ബോർഡിന്റെ അന്തിമ വിജ്ഞാപനം ഇന്ന് ഇറങ്ങും. പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് ഫ്ളാഗ് ഓഫ് ചെയ്യുന്ന ചടങ്ങായതിനാൽ വന്ദേ ഭാരതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും റെയിൽവേ മന്ത്രാലയത്തിന്റെയും പ്രധാനമന്ത്രിയുടെ ഓഫീസിന്റെയും അന്തിമ അംഗീകാരത്തിനുകൂടി വിധേയമായിട്ടാകും പുറത്തിറക്കുക.
തിരുവനന്തപുരം- കണ്ണൂർ റൂട്ടിൽ തന്നെയാണ് ആദ്യഘട്ടത്തിൽ വന്ദേഭാരത് സർവീസ് നടത്തുകയെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം. 16 ബോഗികളാണ് എത്തിയിട്ടുള്ളത്. എട്ടെണ്ണം വീതമുള്ള രണ്ട് എക്സ്പ്രസ് ട്രെയിനുകളാകും തിരുവന്തപുരത്തു നിന്നു കണ്ണൂരിലേക്കും തിരികെയും സർവീസ് നടത്തുക