തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മകന്റെ വീടിന് നേരെ നേരെ ബോംബാക്രമണം; കോണ്‍ഗ്രസുകാരനായ പിതാവ് അറസ്റ്റില്‍
പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവായ മകന്റെ വീടിന് നേരെ ബോംബെറിഞ്ഞ കേസില്‍ പിതാവായ കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍.
ടിഎംസി യുവജനസംഘടന നേതാവായ അനിസുര്‍ ഷെയ്ഖിന്റെ വീടിന് നേരെയാണ് 62കാരനായ പിതാവ് സഹിറുദ്ദീന്‍ ഷെയ്ഖ് ബോംബേറ് നടത്തിയത്. അക്രമത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ല. ഞായറാഴ്ച മുര്‍ഷിദാബാദ് ജില്ലയിലായിരുന്നു സംഭവം.
അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാതിരിക്കാന്‍ വേണ്ടിയാണ് പിതാവ് വീടിന് നേരെ അക്രമം നടത്തിയതെന്ന് അനിസുര്‍ പറഞ്ഞു. അതേസമയം, മകന്‍ തന്നെ കള്ളക്കേസില്‍ കുടുക്കിയതാണെന്നാണ് സഹിറുദ്ദീന്‍ പറയുന്നത്. മകനും ടിഎംസി നേതാവായ മരുമകളുമാണ് കള്ളക്കേസിന് പിന്നില്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ജനങ്ങളുടെ സഹതാപം ലഭിക്കാന്‍ അനിസുര്‍ തന്നെയാണ് വീടിന് നേരെ ബോംബേറ് നടത്തിയതെന്നും സഹിറുദ്ദീന്‍ ആരോപിച്ചു.
അതേസമയം, അനിസുറിന്റെ പരാതിയിലാണ് സഹിറുദ്ദീനെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടരുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മേഖലയില്‍ പൊലീസ് സന്നാഹത്തെ നിയോഗിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 2018ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ അനിസുറും ഭാര്യയും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെയാണ് പിതാവുമായി അകന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.