വിവാദങ്ങൾക്കിടെ മഹുവ മൊയ്ത്രയ്ക്ക് പുതിയ സ്ഥാനം നൽകി തൃണമൂൽ
പാർലമെന്റിൽ ചോദ്യങ്ങൾ ചോദിയ്ക്കാൻ കോഴവാങ്ങി എന്ന ആരോപണക്കേസിലെ വിവാദങ്ങൾ നിലനിൽക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്ക് പുതിയ സ്ഥാനം നൽകി പാർട്ടി. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹുവ മൊയ്ത്രയെ പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ (നാദിയ നോർത്ത്) ജില്ലാ പ്രസിഡന്റായി പാർട്ടി തിങ്കളാഴ്ച നിയമിച്ചു.
പുതിയ സ്ഥാനത്തിലെ തന്റെ നിയമനത്തിന് പാർട്ടി മേധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമത ബാനർജിയോട് സോഷ്യൽ മീഡിയയായ എക്സിലൂടെ മഹുവ നന്ദി അറിയിച്ചു. കോഴ ആരോപണങ്ങളെക്കുറിച്ചുള്ള അന്വേഷണം കണക്കിലെടുത്ത് സഭയിൽ നിന്ന് അയോഗ്യയാക്കാൻ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റി ശുപാർശ ചെയ്തതിന് പിന്നാലെയാണ് ജില്ലാ പ്രസിഡന്റായി മൊയ്‌ത്രയെ നിയമിച്ചത്.
തനിക്കെതിരായി ഉണ്ടായിട്ടുള്ള ആരോപണങ്ങൾ അപകീർത്തികരവും തെറ്റായതും അടിസ്ഥാനരഹിതവുമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് മഹുവ പറഞ്ഞിരുന്നു. മൊയ്‌ത്രയ്‌ക്കെതിരായ ആരോപണങ്ങളിൽ ചെയർമാൻ വിനോദ് കുമാർ സോങ്കറിന്റെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ വെള്ളിയാഴ്ച സ്പീക്കർ ഓം ബിർളയുടെ ഓഫീസിൽ റിപ്പോർട്ട് സമർപ്പിച്ചു.