നാഷണൽ ഹെറാൾഡിനെതിരെ പരാതിയിൽ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും അന്വേഷണം


നാഷണൽ ഹെറാൾഡിനെതിരായ പരാതിയിൽ മധ്യപ്രദേശിലും അന്വേഷണം. പത്രത്തിന്‍റെ പേരിൽ ഭോപ്പാലിൽ വാങ്ങിയ ഭൂമി വാണിജ്യാവശ്യത്തിന് മറിച്ചുവിറ്റെന്ന പരാതിയിലാണ് സർക്കാർ അന്വേഷണം.
ഗാന്ധി കുടുംബവുമായി ബന്ധമുള്ള നാഷണൽ ഹെറാൾഡിന്റെ ഉടമസ്ഥതയിലുള്ള സംസ്ഥാനത്തെ ആസ്തികൾ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടോ അതോ ഭൂവിനിയോഗത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കാൻ മധ്യപ്രദേശ് സർക്കാർ അന്വേഷണം ആരംഭിക്കുമെന്ന് സംസ്ഥാന നഗരവികസന മന്ത്രി ഭൂപേന്ദ്ര സിംഗ് പറഞ്ഞത്.
സ്വാതന്ത്ര്യ സമര സേനാനികളുടെ പേരിൽ ഭൂമി അനുവദിച്ചു, അത് പിന്നീട് കോൺഗ്രസ് നേതാക്കളുടെ പേരിൽ കൈമാറി, ഡൽഹിയിലെ നാഷണൽ ഹെറാൾഡിന്റെ 5,000 കോടി രൂപയുടെ സ്വത്ത് ഇപ്പോൾ സോണിയ ഗാന്ധിയുടെ പേരിലാണ് എന്നും ഭൂപേന്ദ്ര സിംഗ് പറഞ്ഞു.
അതേസമയം, നാഷണൽ ഹെറാൾഡ് കേസിൽ ഹവാല ബന്ധവും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്. യംഗ് ഇന്ത്യ ലിമിറ്റഡിന്‍റെ ഓഫീസുകളിൽ നടത്തിയ പരിശോധനയിൽ ഹവാല ബന്ധത്തിലേക്കു വിരൽ ചൂണ്ടുന്ന രേഖകൾ ലഭിച്ചുവെന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരം.
മുംബൈ, കോൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിലെ ഹവാല സംഘവുമായി ഇടപാടു നടത്തിയതിന്‍റെ രേഖകൾ റെയ്ഡിൽ കണ്ടെത്തിയെന്നാണു പറയുന്നത്. ഇതേ തുടർന്ന് ചോദ്യം ചെയ്യലിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നൽകിയ മൊഴികൾ ഇ ഡി പുനഃപരിശോധിക്കുകയാണ് എന്നും ഇ ഡി പറഞ്ഞു