കാനഡയിൽ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ; പിന്തുണ എൻഡിപി പിൻവലിച്ചു

single-img
5 September 2024

അപ്രതീക്ഷിത നീക്കങ്ങൾക്കൊടുവിൽ കാനഡയിൽ ജസ്റ്റിൻ ട്രൂഡോ സർക്കാർ പ്രതിസന്ധിയിൽ. സർക്കാരിനുള്ള പിന്തുണ ന്യൂ ഡെമോക്രാറ്റിക്‌ പാർട്ടി (എൻ ഡി പി) പിൻവലിക്കുകയായിരുന്നു . പ്രതിപക്ഷത്തെ നേരിടാൻ ട്രൂഡോ സർക്കാർ ദുർബലമെന്ന് ചൂണ്ടിക്കാട്ടിയാണ് എൻ ഡി പി നേതാവ് ജഗ്‌മീത് സിംഗ് പിന്തുണ പിൻവലിച്ചത്.

ഈ സെപ്തംബർ 16ന് ഒട്ടാവയിൽ പാർലമെന്‍റ് സമ്മേളനം തുടങ്ങാനിരിക്കെയാണ് ട്രൂഡോ നേതൃത്വം നൽകുന്ന ലിബറൽ സർക്കാർ പ്രതിസന്ധിയിലായത്. 2022 മാർച്ചിലായിരുന്നു എൻ ഡി പി ട്രൂഡോ സർക്കാരിന് പിന്തുണ നൽകിയത്. പുരോഗമന ആശയങ്ങൾ അടിസ്ഥാനമാക്കിയുള്ള പദ്ധതികൾ സംയുക്തമായി നടപ്പിലാക്കാനായിരുന്നു പിന്തുണ.

പക്ഷെ ട്രൂഡോ സർക്കാർ ജനങ്ങളെ നിരാശപ്പെടുത്തിയതായും കോർപറേറ്റുകൾക്ക് അടിയറവ് വെച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് എൻ ഡി പി പിന്തുണ പിൻവലിച്ചത്. എൻ ഡി പി നേതാവ് ജഗ്‌മീത് സിംഗ് വീഡിയോ സന്ദേശത്തിലൂടെയാണ് പ്രഖ്യാപനം നടത്തിയത്. ഖലിസ്ഥാൻ നേതാവ് നിജ്ജറിന്‍റെ കൊലപാതകത്തിന് ശേഷം ഇന്ത്യയ്ക്കെതിരെ ട്രൂഡോ സർക്കാർ നിലപാടെടുത്തത് ജഗ്‌മീത് സിംഗിന്‍റെ സമ്മർദം മൂലമാണെന്നാണ് സൂചന.

എന്തായായാലും എൻ ഡി പിയുടെ പിന്തുണ ഇല്ലാതായതോടെ ട്രൂഡോ സർക്കാർ എപ്പോൾ വേണമെങ്കിലും വീഴാമെന്ന അവസ്ഥയിലാണ്. 2025 ഒക്ടോബറിലാണ് കനേഡിയൻ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. പക്ഷെ സർക്കാർ വീണാൽ തെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ടിവരും.