തെലങ്കാനയിലെ പരാജയപ്പെട്ട ‘ഓപ്പറേഷൻ താമര’യുടെ സൂത്രധാരൻ തുഷാർ വെള്ളാപ്പള്ളി
തെലങ്കാനയിലെ പരാജയപ്പെട്ട ‘ഓപ്പറേഷൻ താമര’യുടെ സൂത്രധാരൻ തുഷാർ വെള്ളാപ്പള്ളിയാണ് എന്ന് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. ഇന്നലെ നടത്തിയ വാർത്താ സമ്മേളനത്തിലാണ് കെ.ചന്ദ്രശേഖര റാവു ഇത് സംബന്ധിച്ച വെളിപ്പെടുത്തൽ നടത്തിയത്.
ബിജെപിക്കു വേണ്ടി ടിആർഎസിന്റെ നാല് എംഎൽഎമാരെ വിലയ്ക്കെടുക്കാൻ തുഷാർ ഏജന്റുമാരെ പറഞ്ഞയച്ചുവെന്നാണ് കെസിആറിന്റെ ആരോപണം. ഭരണകക്ഷി എംഎൽഎമാരെ ‘ചാക്കിലാക്കാനെത്തി’ കഴിഞ്ഞയാഴ്ച തെലങ്കാന പൊലീസിന്റെ പിടിയിലായ മൂന്ന് ബിജെപി ഏജന്റുമാർക്ക് പിന്നിൽ തുഷാറാണെന്ന് കെസിആർ പറയുന്നു. തുഷാറിന്റെ പങ്കിനെക്കുറിച്ച് അറസ്റ്റിലായ ഏജന്റുമാർ പറയുന്ന വിഡിയോയും തെലങ്കാന മുഖ്യമന്ത്രി പുറത്തു വിട്ടു.
സംസ്ഥാന രാഷ്ട്രീയത്തിൽ ഇതുവരെ കാര്യമായി ‘ക്ലച്ച്’ പിടിക്കാനായില്ലെങ്കിലും, തുഷാറിനെ ദേശീയ ശ്രദ്ധയിലേക്കെത്തിച്ചാണ് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. തെലങ്കാനയ്ക്ക് പുറമെ ആന്ധ്രാപ്രദേശ്, ഡൽഹി, രാജസ്ഥാൻ സർക്കാരുകളെ അട്ടിമറിക്കാനും നീക്കമുണ്ടെന്ന് ഏജന്റുമാർ പറയുന്നത് പുറത്തായതോടെ, തുഷാറിന്റെ ‘റോൾ’ തെലങ്കാനയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന സൂചനയും കെസിആർ നൽകുന്നുണ്ട്.
‘ഓപ്പറേഷൻ ലോട്ടസി’ന്റെ ബുദ്ധികേന്ദ്രമായി വിശേഷിപ്പിക്കപ്പെടുന്ന മുൻ ബിജെപി അധ്യക്ഷൻ കൂടിയായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നിർദേശപ്രകാരമാണ് തുഷാറിന്റെ ഇടപെടലെന്നും കെസിആർ ആരോപിച്ചിട്ടുണ്ട്.