ഓണ്‍ലൈൻ വാങ്ങിയ ടിവി പ്രവർത്തിക്കുന്നില്ല; നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി

single-img
24 June 2024

ഓൺലൈൻ സൈറ്റിൽ നിന്നും ഓഫർ നൽകിയുള്ള വില്പനയിൽ വാങ്ങിയ ടി.വി. പ്രവർത്തിപ്പിക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് ഉപഭോക്താവിന് 74,990 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. പെട്ടി തുറന്ന് ഘടിപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ തകരാറിലായിരുന്നു.

ഈ വിവരം പരാതിക്കാരൻ രേഖാമൂലം അറിയിച്ചെങ്കിലും ടിവി റിപ്പയർ ചെയ്യാനോ വില തിരിച്ചു നൽകാനോ ഓൺലൈൻ ഷോപ്പിങ് സൈറ്റ് തയാറായില്ല. ഇതിനെ തുടർന്നാണ് ഉപഭോക്തൃ കോടതിയെ സമീപിച്ചത്. ഉപഭോക്താവിന് റിപ്പയർ ചെയ്തു നൽകുകയോ ടിവിയുടെ വില നൽകുകയോ ചെയ്യാത്ത ഓൺലൈൻ വ്യാപാര സ്ഥാപനത്തിന്റെ നടപടി സേവനത്തിലെ ന്യൂനതയും അധാർമികമായ വ്യാപാര രീതിയുമാണെന്ന് ജില്ലാ ഉപഭോക്തൃ കോടതി പറഞ്ഞു.

എറണാകുളം അയ്യപ്പൻകാവ് സ്വദേശിയായ ടി.യു അനീഷ് ആണ് ആമസോൺ ഓൺലൈൻ ഷോപ്പിങ് സൈറ്റിനെതിരേ പരാതിയുമായി കോടതിയെ സമീപിച്ചത്. ഓൺലൈനിൽ വൻ ആദായ വില്പന പരസ്യം കണ്ടാണ് പരാതിക്കാരെ 49,990/- രൂപ വിലയുള്ള പാനസോണിക് 147 സി എം ഫുൾ എച്ച് ഡി എൽ.ഇ.ഡി ടിവി വാങ്ങിയത്. എന്നാൽ ഇത് ഘടിപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ തകരാറിലായിരുന്നു.

49,990 രൂപ നഷ്ടപരിഹാരവും കോടതി ചിലവ് ഇനത്തിൽ 25,000 രൂപയും ഒരു മാസത്തിനകം പരാതിക്കാരന് നൽകണമെന്ന് കോടതി പ്രസിഡൻറ് ഡി. ബി. ബിനു , മെമ്പർമാരായ വി.രാമചന്ദ്രൻ , ടി എൻ ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബഞ്ച് എതിർകക്ഷികൾക്ക് നിർദേശം നൽകി.