സിംബാബ്‍വെയ്ക്കെതിരായ ട്വന്റി20 പരമ്പര; സഞ്ജു ഒന്നാം കീപ്പറായി ടീമിൽ
സിംബാബ്‍വെയ്ക്കെതിരെ നടക്കാനിരിക്കുന്ന ട്വന്റി20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ബിസിസിഐ ഇന്ന് പ്രഖ്യാപിച്ചു . ശുഭ്മൻ ഗിൽ നായകനായ 15 അംഗ ടീമിൽ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനായ രോഹിത് ശർമ, വിരാട് കോലി, ജസ്പ്രീത് ബുമ്ര, ഹാർദിക് പാണ്ഡ്യ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത് തുടങ്ങിയവർക്കു വിശ്രമം അനുവദിച്ചു.
ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന ലോകകപ്പ് ടീമിനൊപ്പമുള്ള സഞ്ജു സാംസൺ, യശസ്വി ജയ്സ്വാൾ, റിങ്കു സിങ് എന്നിവർ ടീമിലുണ്ട്. ലോകകപ്പിൽ ഇതേവരെ ഒരു മത്സരത്തിനും ഇറങ്ങാത്ത സഞ്ജു സാംസണാണ് ട്വന്റി20 ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ.
യുവതാരമായ ധ്രുവ് ജുറെലാണ് മറ്റൊരു വിക്കറ്റ് കീപ്പർ. ഇഷൻ കിഷന് ടീമിൽ ഉൾപ്പെടാൻ സാധിച്ചില്ല.ഐ പി എല്ലിൽ മികച്ച പ്രകടനം പുറത്തെടുത്ത താരങ്ങളെയും ബിസിസിഐ പരിഗണിച്ചു.അഭിഷേക് ശര്‍മ, റിയാൻ പരാഗ്, നിതീഷ് കുമാർ റെഡ്ഡി, തുഷാർ ദേശ്പാണ്ഡെ എന്നിവർക്ക് ദേശീയ ടീമിലേക്ക് ആദ്യ വിളിയെത്തി. സ്പിന്നർമാരായി വാഷിങ്ടൻ സുന്ദർ, രവി ബിഷ്‌ണോയ് എന്നിവരാണ് ടീമിലുള്ളത്. ആവേശ് ഖാൻ, ഖലീൽ അഹമ്മദ്, മുകേഷ് കുമാർ , തുഷാർ ദേശ്പാണ്ഡെ എന്നിവർ പേസർമാരായി.