ട്വന്റി 20: സിംബാബ്‍വെയ്ക്കെതിരെ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന പരാജയം

single-img
6 July 2024

സിംബാബ്‍വെയ്ക്കെതിരെ ഇന്ന് നടന്ന ആദ്യ ട്വന്റി 20 മത്സരത്തിൽ ഇന്ത്യയ്ക്ക് ഞെട്ടിക്കുന്ന പരാജയം . കേവലം 13 റൺസിനാണ് ഇന്ത്യയുടെ ഈ പരാജയം . ആദ്യം ബാറ്റ് ചെയ്ത സിംബാബ്‍വെ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 115 റൺസെടുത്തപ്പോൾ ഇന്ത്യൻ മറുപടി 19.5 ഓവറിൽ 102 റൺസിൽ അവസാനിക്കുകയായിരുന്നു .

ടോസ് ലഭിച്ച ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ ബൗളിം​ഗ് തിരഞ്ഞെടുത്തു. 29 റൺസുമായി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പർ ക്ലൈവ് മഡാണ്ടേയാണ് അവരുടെ ടോപ് സ്കോറർ. ഡിയോണ്‍ മയേഴ്സ് 23 റൺസും ബ്രയാൻ ബെന്നറ്റ് 22 റൺസുമെടുത്തു. വെസ്ലി മധേവേരെ 21 റൺസും സിംബാബ്‌വെയ്ക്കായി സംഭാവന ചെയ്തു. ഇന്ത്യയ്ക്കായി രവി ബിഷ്ണോയി നാല് വിക്കറ്റെടുത്തു.

രണ്ടാമത് ബാറ്റിം​ഗിൽ ഇന്ത്യ അപ്രതീക്ഷിത തകർച്ചയാണ് നേരിട്ടത്. ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ 31 റൺസെടുത്തത് മാത്രമാണ് മുൻ നിരയിൽ എടുത്ത് പറയാനുള്ളത്. മുൻനിരയിൽ മറ്റാർക്കും രണ്ടക്കം കടക്കാനായില്ല. ഒമ്പതാമനായി ക്രീസിലെത്തിയ ആവേശ് ഖാൻ 16 റൺസ് നേടി. ഏഴാമനായി ക്രീസിലെത്തിയ വാഷിം​ഗ്ടൺ സുന്ദറിലായിരുന്നു ഇന്ത്യയുടെ അവസാന വിജയ പ്രതീക്ഷകൾ. എന്നാൽ 33 പന്തിൽ 27 റൺസുമായി പോരാടിയ സുന്ദറിന് വിജയത്തിലേക്ക് ഇന്ത്യയെ എത്തിക്കാനായില്ല .