ഈ അക്കൗണ്ട് നിലവിലില്ല; ന്യൂസ് ഏജൻസി എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു


രാജ്യത്തെ പ്രമുഖ വാർത്താ ഏജൻസിയായ എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് മരവിപ്പിച്ചു. ട്വിറ്റർ ഉപയോഗിക്കാനുള്ള കുറഞ്ഞ പ്രായ പരിധിയെന്ന മാനദണ്ഡം പാലിക്കാത്തതിന് പിന്നാലെയാണ് ഈ നടപടി. ഇപ്പോൾ ‘ഈ അക്കൗണ്ട് നിലവിലില്ല’ എന്ന സന്ദേശമാണ് എഎൻഐയുടെ ട്വിറ്റർ അക്കൗണ്ട് ഓപ്പൺ ചെയ്യുമ്പോൾ കാണാൻ സാധിക്കുന്നത്.
എഎൻഐ എഡിറ്ററായ സ്മിത പ്രകാശാണ് തന്റെ ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ‘7.6 മില്യൺ ഫോളോവേഴ്‌സുള്ളഇന്ത്യയുടെ ഏറ്റവും വലിയ ന്യൂസ് ഏജൻസിയുടെ ട്വിറ്റർ അക്കൗണ്ട് നീക്കം ചെയ്തിരിക്കുന്നു’- സ്മിത എഴുതി..
ട്വിറ്ററിൽ നിന്നും ഏജൻസിക്ക് ലഭിച്ച ഇ-മെയിൽ സന്ദേശത്തിൽ പറയുന്നതിങ്ങനെ ‘ട്വിറ്റർ അക്കൗണ്ട് ക്രിയേറ്റ് ചെയ്യണമെങ്കിൽ കുറഞ്ഞത് 13 വയസെങ്കിലും ആകണം. എന്നാൽ നിങ്ങൾ ഈ മാനദണ്ഡം ശരിയായി പാലിക്കുന്നില്ല. അതുകൊണ്ട് തന്നെ നിങ്ങളുടെ അക്കൗണ്ട് പൂട്ടുകയും ട്വിറ്ററിൽ നിന്ന് നീക്കം ചെയ്യുകയും ചെയ്യും’.