കോവിഡ് നയം മാറ്റി; ട്വിറ്ററിൽ എലോൺ മസ്കിന്റെ തുഗ്ലക് നയം തുടരുന്നു
കൊറോണയുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ട പോളിസി റദ്ദാക്കി ട്വിറ്റർ. കഴിഞ്ഞ ആഴച കോവിഡ് സംബന്ധമായ വിവരങ്ങൾ പങ്ക് വെക്കുന്ന പേജിലൂടെയാണ് ട്വിറ്റർ ഇത് അറിയിച്ചത്. ഈ വിഷയത്തിൽ മുൻപ് സസ്‌പെൻഡ് ചെയ്ത അക്കൗണ്ടുകൾക്ക് എലോൺ മസ്ക് പൊതുമാപ്പ് നൽകിയതിനെ തുടർന്നാണ് ഈ നീക്കം.
2020 ൽ കോവിഡ് രൂകഷമായ സമയത്ത് കൊറോണ വൈറസിനെക്കുറിച്ചുള്ള ഹാനികരമായതും തെറ്റിദ്ധരിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത് തടയുന്നതിനായാണ് ഈ പോളിസി നടപ്പിലാക്കിയത്. ഈ നിയമം ലംഘിച്ച ഉപഭോക്താക്കളെ ആദ്യം വിലക്കുകയും പിന്നീട് അവരുടെ അക്കൗണ്ടുകൾ 12 മണിക്കൂർ താൽക്കാലികമായി നിർത്തിവയ്ക്കുകയും ആയിരുന്നു നടപടികൾ. നാല് വിലക്കുകൾക്കു ശേഷം, അവരെ ഒരാഴ്ചത്തേക്ക് ലോക്കൗട്ട് ചെയ്യും, അഞ്ചിൽ കൂടുതൽ വിലക്കുകൾ ലഭിച്ചവരെ പ്ലാറ്റ്‌ഫോമിൽ നിന്ന് സ്ഥിരമായി വിലക്കുകയും ചെയ്യും.
ട്വിറ്റർ തന്നെ പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, ജനുവരി 2020 നും സെപ്തംബർ 2022 നും ഇടയിൽ, പ്ലാറ്റ്‌ഫോമിന്റെ മോഡറേറ്റർമാർ 11.72 ദശലക്ഷത്തിലധികം അക്കൗണ്ടുകളെ വിലക്കുകയും നിയമം ലംഘിച്ചതിന് 11,000-ത്തിലധികം അക്കൗണ്ടുകളെ സസ്പെൻഡ് ചെയ്യുകയും ചെയ്തു. ഈ നയത്തിന് കീഴിൽ ഏകദേശം 100,000 ഉള്ളടക്ക ഭാഗങ്ങളും ട്വിറ്റർ തുടച്ചുനീക്കുകയുണ്ടായി.
എന്നാൽ കഴിഞ്ഞ മാസം 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ സ്വന്തമാക്കിയതിന് ശേഷം നിരവധി നാടകീയമായ മാറ്റങ്ങൾ അദ്ദേഹം കമ്പനിയിൽ വരുത്തിയിട്ടുണ്ട്. കമ്പനിയുടെ മൂന്നിൽ രണ്ട് ജീവനക്കാരെ പിരിച്ചുവിടുകയും സൈറ്റിന്റെ മോഡറേഷനും മാനേജ്‌മെന്റ് ടീമുകളെയും ഗണ്യമായി വെട്ടിക്കുറയ്ക്കുകയും ഉൾപ്പെടെ നിരവധി മാറ്റങ്ങൾ ആണ് പുതിയ മാനേജ്‌മന്റ് കൊണ്ടുവന്നിരിക്കുന്നത്.
താങ്ക്സ് ഗിവിംഗിന് മുന്നോടിയായി, ട്വിറ്റർ വോട്ടെടുപ്പ് നടത്തിയ ശേഷം, സസ്പെൻഡ് ചെയ്യപ്പെട്ട നിരവധി അക്കൗണ്ടുകൾക്ക് പൊതുമാപ്പ് നീട്ടുമെന്ന് മസ്ക്ക് പറഞ്ഞു. വോട്ടെടുപ്പിൽ പ്രതികരിച്ച 3.1 ദശലക്ഷം ആളുകളിൽ 72.4% പേരും ഈ നീക്കത്തെ പിന്തുണച്ചു. തെറ്റായ വിവരങ്ങളുടെയും വലതുപക്ഷ തീവ്രവാദത്തിന്റെയും വിദ്വേഷ പ്രസംഗത്തിന്റെയും കേന്ദ്രമായി ഈ സോഷ്യൽ നെറ്റ്‌വർക്കിംഗ് സേവനം ഉടൻ മാറുമെന്ന് വിമർശകർ വാദിക്കുന്നു. എന്നിരുന്നാലും, ട്വിറ്റർ ഒരു ലെവൽ പ്ലേയിംഗ് ഫീൽഡ് ആവണമെന്നും ആളുകൾക്ക് വിശാലമായ വിഷയങ്ങളിൽ അവരുടെ കാഴ്ചപ്പാടുകൾ സമാധാനപരമായി കൈമാറാൻ കഴിയുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കോട്ടയായും മാറണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്ന് മസ്‌ക് തറപ്പിച്ചുപറഞ്ഞു