സ്ക്രീൻ വ്യൂവർ വഴി ചോദ്യങ്ങൾ ഷെയർ ചെയ്ത് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ടെഴുതി; ഐഎസ്ആര്‍ഒ പരീക്ഷയിലെ കോപ്പിയടിയിൽ രണ്ട് പേർ പിടിയിൽ
ഐ എസ്ആര്‍ ഒ നടത്തിയ പരീക്ഷയിൽ കോപ്പിയടി നടത്തിയതിന് ഹരിയാന സ്വദേശികളായ സുമിത് കുമാര്‍, സുനിൽ എന്നിവർ പിടിയിലായി . വി എസ് എസ് സിയിലേക്കുള്ള റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്കിടെയായിരുന്നു തിരുവനന്തപുരത്തു ഹൈടെക്ക് കോപ്പിയടി.
സ്ക്രീൻ വ്യൂവർ വഴി ചോദ്യങ്ങൾ ഷെയർ ചെയ്ത് ബ്ലൂടൂത്ത് വഴി ഉത്തരങ്ങൾ കേട്ട് എഴുതുകയായിരുന്നു. ഇവർ രഹസ്യമായി വയറ്റിൽ ബെൽറ്റ് കെട്ടിയാണ് ഫോൺ സൂക്ഷിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു. സുനിൽ കോട്ടണ്‍ഹില്‍ സ്കൂളിൽ നിന്നും സുമിത് കുമാര്‍ പട്ടം സെന്റ് മേരീസ് സ്‌കൂളില്‍ നിന്നുമാണ് പിടിയിലായത്.
ടെക്നിക്കൽ സ്റ്റാഫിനെ നിയമിക്കുന്നതിനായുള്ള പരീക്ഷയ്ക്കിടെയാണ് സംഭവം. കോപ്പിയടിക്കായുള്ള ആസൂത്രണം നടന്നത് ഹരിയാനയില്‍ വച്ചാണെന്നാണ് പ്രാഥമിക വിവരം. പരീക്ഷ നടക്കുമ്പോൾ അവിടെയുണ്ടായിരുന്ന ആർക്കും സംശയം തോന്നിയിരുന്നില്ല. പക്ഷെ പരീക്ഷയ്ക്കിടെ കോപ്പിയടി നടക്കുന്നെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടുപേരും കുടുങ്ങിയത്. കൂടുതൽ പേർ ഇങ്ങനെ പരീക്ഷ എഴുതിയിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്.