കനത്ത മഴ , മണ്ണിടിച്ചിൽ; നേപ്പാളിൽ നദിയിൽ 65 യാത്രക്കാരുമായി രണ്ട് ബസുകൾ കാണാതായി


വെള്ളിയാഴ്ച കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ രണ്ട് ബസുകൾ നദിയിലേക്ക് വീണതിനെ തുടർന്ന് നേപ്പാളിൽ കാണാതായ 60 ലധികം ആളുകളിൽ ആറ് ഇന്ത്യക്കാരും ഉൾപ്പെടുന്നു. തലസ്ഥാനമായ കാഠ്മണ്ഡുവിൽ നിന്ന് 100 കിലോമീറ്റർ അകലെ ചിത്വാൻ ജില്ലയിലെ നാരായൺഘട്ട്-മഗ്ലിംഗ് റോഡിൽ സിമാൽതൽ പ്രദേശത്തെ ത്രിശൂലി നദിയിൽ 65 യാത്രക്കാരുമായി പോയ രണ്ട് ബസുകളാണ് കാണാതായത്.
പുലർച്ചെ 3.30 ഓടെയാണ് അപകടമുണ്ടായതെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കാഠ്മണ്ഡുവിലേക്കുള്ള എയ്ഞ്ചൽ ബസിൽ 24 പേരും നേപ്പാൾ തലസ്ഥാനത്ത് നിന്ന് ഗൗറിലേക്ക് പോവുകയായിരുന്ന ഗണപതി ഡീലക്സിൽ 41 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ബസുകൾ റോഡിൽ മറ്റുള്ളവരെ കയറ്റിയേക്കാമെന്നതിനാൽ ആകെ എണ്ണം സംബന്ധിച്ച് ഞങ്ങൾക്ക് ഉറപ്പില്ല,” ചിത്വാൻ ജില്ലാ ഉദ്യോഗസ്ഥൻ ഖിമാനന്ദ ഭുസൽ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞു.
നദി കരകവിഞ്ഞൊഴുകിയിട്ടുണ്ടെന്നും ഇതുവരെ ആരെയും കണ്ടെത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഗണപതി ഡീലക്‌സ് ബസിലെ മൂന്ന് യാത്രക്കാർ വാഹനത്തിൽ നിന്ന് ചാടി രക്ഷപ്പെട്ടതായി റിപ്പോർട്ടുണ്ട്. നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹൽ ‘പ്രചണ്ഡ’ അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും അടിയന്തര തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു.