ജെഎൻയു ക്യാമ്പസിൽ രണ്ട് വിഭാഗം വിദ്യാർത്ഥികൾ ഏറ്റുമുട്ടി; പുറത്തുനിന്നുള്ളവർ ഉൾപ്പെട്ടതായി പോലീസ്
ഡൽഹി ജെഎൻയു ക്യാമ്പസിൽ രണ്ട് വിഭാഗം വിദ്യാർഥികൾ ഏറ്റുമുട്ടി. ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. പുറത്തുനിന്നുള്ളവരാണ് സംഘട്ടനത്തിൽ പങ്കുള്ളതെന്ന് പോലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചില വീഡിയോ ക്ലിപ്പുകളിൽ ചില വിദ്യാർത്ഥികൾ വടിയുമായി ക്യാമ്പസിൽ ഓടുന്നത് കാണിച്ചു. നിലവിൽ സർവ്വകലാശാലാ അധികൃതരിൽ നിന്ന് പ്രതികരണമൊന്നും ലഭ്യമായിട്ടില്ല.
വ്യക്തിപരമായ പ്രശ്‌നത്തിന്റെ പേരിൽ രണ്ട് ആൺകുട്ടികൾ തമ്മിൽ വഴക്കുണ്ടായതായും തുടർന്ന് അവരുടെ സുഹൃത്തുക്കളും ചേർന്നുവെന്നും ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വഴക്കിനിടെ രണ്ട് വിദ്യാർത്ഥികൾക്ക് നിസാര പരിക്കേറ്റു. “ഈ വിഷയത്തിൽ ഞങ്ങൾക്ക് ഇതുവരെ ഔപചാരികമായ പരാതികളൊന്നും ലഭിച്ചിട്ടില്ല. രണ്ട് വിദ്യാർത്ഥികൾ തമ്മിലാണ് വഴക്കുണ്ടായത്, ഒരു രാഷ്ട്രീയ ഗ്രൂപ്പും ഉൾപ്പെട്ടിട്ടില്ല. ഇത് ഇരുവരും തമ്മിലുള്ള വ്യക്തിപരമായ തർക്കമാണ്,” അദ്ദേഹം പറഞ്ഞതായി ടെലഗ്രാഫ് റിപ്പോർട്ട് ചെയ്തു..