വളർത്തു നായകളുടെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർ വെടിയേറ്റ് മരിച്ചു
ഇന്‍ഡോര്‍:മധ്യപ്രദേശിൽ വളർത്തു നായകളുടെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് രണ്ടുപേർ വെടിയേറ്റ് മരിച്ചു. പരിക്കേറ്റ ആറു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിയുതിർത്ത ബാങ്ക് സുരക്ഷാ ജീവനക്കാരനായ രജ്പാൽ രജാവത്തിനെ പൊലീസ് അറസ്റ്റു ചെയ്തു.ഇൻഡോറിലെ കൃഷ്ണബാഗ് കോളനിയിൽ വ്യാഴാഴ്ചയാണ് രണ്ടുപേരുടെ ജീവനെടുത്ത വെടിവെപ്പ് നടന്നത്. ബാങ്ക് സുരക്ഷാ ജീവനക്കാരനായ രജ്പാൽ രജാവത്തിൻറെയും അയൽവാസിയുടെയും വളർത്തു നായകൾക്കിടയിൽ കടിപടി നടന്നു. ഇത് രജാവത്തിനും അയൽവാസിക്കും ഇടയിലെ തർക്കത്തിന് ഇടയാക്കി. രജാവത്തിനെ എതിർത്ത് കൂടുതൽ പേർ സ്ഥലത്തെത്തി. പ്രകോപിതനായി വിട്ടീലേക്ക് കയറിപോയ രജാവത്ത് തോക്കെടുത്ത് ആദ്യം ആകാശത്തേക്ക് വെടിവെച്ചു. പിന്നീട് വീടിനു മുന്നിൽ നിന്നിരുന്നവർക്ക് നേരെ ഇയാൾ വെടിയുതിർത്തു.
വെടിയേറ്റ വിമൽ, രാഹുൽ എന്നിവർ സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റ ആറുപേർ ചികിത്സയിലാണ്. രജാവത്തിനെ പോലീസ് എത്തി അറസ്റ്റ് ചെയ്തു. രജാവത്തിന്‍റെ തോക്കിന് ലൈസൻസ് ഉണ്ടായിരുന്നു എന്നും ഇത് റദ്ദാക്കിയെന്നും പൊലീസ് അറിയിച്ചു. . രജാവത്തും അയൽക്കാരനും മുൻവൈരാഗ്യമൊന്നും ഉണ്ടായിരുന്നില്ലെന്നാണ് സാക്ഷികൾ സൂചിപ്പിക്കുന്നത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടങ്ങിയെന്ന് ഇൻഡോർ അഡീഷണൽ ഡിസിപി അറിയിച്ചു.