ഹോണ്‍ മുഴക്കി എന്നാരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ട് പേര്‍ പിടിയിൽ
തിരുവനന്തപുരം : ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കി എന്നാരോപിച്ച് സര്‍ക്കാര്‍ ജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച രണ്ട് പേര്‍ പിടിയിലായി.
നെയ്യാറ്റിന്‍കര കുഞ്ചാലുംമൂട് സ്വദേശികളായ അനീഷും അഷ്‌കറുമാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. പ്രതികള്‍ കീഴടങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇവരെ വിശദമായി ചോദ്യം ചെയ്യും. നെയ്യാറ്റിന്‍കര തൊഴുക്കല്‍ സ്വദേശിയും കൃഷിവകുപ്പിലെ ജീവനക്കാരനുമായ പ്രദീപിനാണ് കഴിഞ്ഞ ചൊവ്വാഴ്ച വൈകിട്ട് 5.30 ഓടെ നീറമണ്‍കരയില്‍ വച്ച് മര്‍ദ്ദനമേറ്റത്.
അതേസമയം കേസന്വേഷണത്തില്‍ വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി സ്വീകരിച്ചു. കരമന പൊലീസ് സ്റ്റേഷനിലെ എ എസ് ഐ മനോജിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സ്‌റ്റേഷനിലെ എസ് ഐ സന്ധുവിനെതിരെ വകുപ്പ് തല അന്വേഷണത്തിനും സിറ്റി പൊലീസ് കമ്മീഷണര്‍ ഉത്തരവിറക്കി.
അക്രമത്തില്‍ പരാതിക്കാരന്‍ തന്നെ ദൃശ്യങ്ങള്‍ കണ്ടെത്തി കൊണ്ടുകൊടുത്തിട്ടും നടപടി സ്വീകരിക്കാതിരുന്ന പൊലീസ് നടപടി വിവാദമായിരുന്നു. സംഭവം വിവാദമായതോടെ നാലാംദിവസമാണ് പ്രതികള്‍ക്കെതിരെ വധശ്രമം ചുമത്തി കേസെടുത്തത്. ഉദ്യോഗസ്ഥനെ ക്രൂരമായി മര്‍ദ്ദിച്ചത് അനീഷും അഷ്‌കറുമാണെന്ന് സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു.
സംഭവം ഇങ്ങനെ
നിറമണ്‍കര ജംഗ്ഷനില്‍ ഹൈല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന രണ്ടു യുവാക്കള്‍ സിഗ്നല്‍ ലഭിക്കാന്‍ കാത്തുനില്‍ക്കുകയായിരുന്നു. ഇവര്‍ക്ക് പിന്നിലായായി പ്രദീപും ബൈക്കില്‍ കാത്തുനിന്നു. ഇതിനിടെ ആരോ ഹോണ്‍ മുഴക്കി. ഹോണ്‍ കേട്ടതോടെ ക്ഷുഭിതനായി ബൈക്കിന് പിറകിലിരുന്നയാള്‍ ഇറങ്ങിവന്ന് കയര്‍ത്തു. ബൈക്ക് സൈഡിലേക്ക് ഒതുക്കിയശേഷം അത് ഓടിച്ചിരുന്ന യുവാവും എത്തി ഇരുവരും ചേര്‍ന്ന് മര്‍ദ്ദിക്കുകയായിരുന്നു. താനല്ല ഹോണ്‍ മുഴക്കിയതെന്ന് പറഞ്ഞിട്ടും പ്രദീപിനെ തള്ളി താഴെയിട്ട് ആക്രമിക്കുകയായിരുന്നു. സിഗ്നല്‍ മാറിയതോടെ രണ്ടുപേരും ബൈക്കില്‍ രക്ഷപ്പെട്ടു.
തലയ്ക്കു പരിക്കേറ്റ പ്രദീപിനെ ചില യാത്രക്കാരും നാട്ടുകാരും ചേര്‍ന്ന് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് കരമന പൊലീസില്‍ നേരിട്ടെത്തി പരാതി നല്‍കിയെങ്കിലും കേസെടുത്തിട്ടില്ല. ഇതോടെയാണ് പ്രദീപ് തൊട്ടടുത്തുള്ള കടകളില്‍ നിന്ന് സി സി ടി വി ദൃശ്യങ്ങള്‍ ശേഖരിച്ച് നല്‍കിയത്.