കേരളത്തിൽ ബിജെപിക്ക് രണ്ട് സീറ്റ്; യുഡിഎഫ് 14, എൽഡിഎഫ് 4; ന്യൂസ് 18 നെറ്റ് വര്‍ക്ക് മെഗാ പോൾ സർവേ
നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി രണ്ട് സീറ്റ് നേടുമെന്ന് ന്യൂസ് 18 നെറ്റ് വര്‍ക്കിന്റെ മെഗാ ഒപ്പീനിയൻ പോൾ ഫലം. യുഡിഎഫ് 14 സീറ്റുകൾ നേടുമെന്നും എൽഡിഎഫ് 4 സീറ്റിൽ ജയിക്കമെന്നും സർവേ ഫലം വ്യക്തമാക്കുന്നു.
സംസ്ഥാനത്താകെ എൻഡിഎയ്ക്ക് 18 ശതമാനം വോട്ടുകൾ ലഭിക്കുക്കുമ്പോൾ യുഡിഎഫ് 47 ശതമാനം വോട്ടുകൾ നേടുകയും ഭരണകക്ഷിയായ എൽഡിഎഫ് 35 ശതമാനം വോട്ടുകളിൽ ഒതുങ്ങുമെന്നും ഫലം വ്യക്തമാക്കുന്നു.
നേരത്തെ 2019ലെ പൊതു തിരഞ്ഞെടുപ്പിൽ ആകെയുള്ള 20 സീറ്റിൽ 19 സീറ്റുകളും യുഡിഎഫ് നേടിയപ്പോൾ ഒരു സീറ്റിൽ മാത്രമായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്.
രാജ്യമാകെയുള്ള 21 പ്രധാന സംസ്ഥാനങ്ങളിലെ 518 സീറ്റുകളിലെ സർവേ ഫലമാണ് ന്യൂസ് 18 പുറത്തുവിടുന്നത്. 95% ലോക്‌സഭാ മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സർവേകളിൽ ഒന്നാണ് ഇത്. 1,18,616-ലധികം പേരിൽ നടത്തിയ സർവേ ആധാരമാക്കിയാണ് ഫലം തയാറാക്കിയിരിക്കുന്നത്.
അതേസമയം മൂന്നാം തവണയും മോദി തന്നെ ഇന്ത്യയുടെ പ്രധാനമന്ത്രിയാവണമെന്നാണ് സർവേയിൽ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടിരിക്കുന്നത്. സർവേയിൽ പങ്കെടുത്ത 59 ശതമാനം പേരും രാജ്യത്തെ ഏറ്റവും കരുത്തുറ്റ നേതാവായി കണക്കാക്കുന്നത് നരേന്ദ്ര മോദിയെയാണ്.
നരേന്ദ്ര മോദിക്ക് പിന്നിൽ രണ്ടാം സ്ഥാനത്തെത്തിയത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണ്. എന്നാൽ വെറും 21 ശതമാനം പേർ മാത്രമാണ് രാഹുൽ അടുത്ത പ്രധാനമന്ത്രിയാവാൻ യോഗ്യനാണെന്ന് അഭിപ്രായപ്പെട്ടിരിക്കുന്നത്.